ചുവപ്പ് കാർഡും തളർത്തിയില്ല, എമിറേറ്റ്‌സിൽ തിരിച്ചു വരവ് ജയം നേടി ആഴ്സണൽ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു മണിക്കൂറിൽ അധികം 10 പേരുമായി കളിച്ചിട്ടും ആഴ്സണലിന് ആവേശ ജയം. വില്ലയെ 3 ന് എതിരെ 2 ഗോളുകൾക്ക് മറികടന്നാണ് എമറിയുടെ ടീം ആശ്വാസ ജയം കുറിച്ചത്. രണ്ട് തവണ പിന്നിൽ പോയ ശേഷമായിരുന്നു എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആഴ്സണലിന്റെ തിരിച്ചു വരവ്. ജയത്തോടെ ലീഗ് ടേബിളിൽ ടോപ്പ് 4 ൽ എത്താനും ആഴ്സണലിനായി. 11 പോയിന്റുള്ള അവർ നിലവിൽ നാലാം സ്ഥാനത്താണ്. 4 പോയിന്റ് മാത്രമുള്ള വില്ല 18 ആം സ്ഥാനത്ത് തുടരും.

മത്സരത്തിന്റെ ഇരുപതാം മിനുട്ടിൽ മക്ഗിനിലൂടെ ലീഡ് എടുത്ത വില്ല മികച്ച തുടക്കമാണ് നേടിയത്. പിന്നീട് 41 ആം മിനുട്ടിൽ റൈറ്റ് ബാക്ക് നൈൽസ് രണ്ടാമത്തെ മഞ്ഞ കാർഡും കണ്ട് പുറത്തായതോടെ ആദ്യ പകുതി ആഴ്സണൽ ഓർക്കാൻ ആഗ്രഹിക്കാത്ത ഒന്നായി. രണ്ടാം പകുതിയിൽ അരങ്ങേറ്റക്കാരൻ സാകയെ പിൻവലിച്ച എമറി ചേംബേഴ്സിനെ പ്രധിരോധത്തിൽ ഇറക്കി. കളിയുടെ 59 ആം മിനുട്ടിൽ പെനാൽറ്റി ആഴ്സണലിന്റെ രക്ഷക്ക് എത്തി. ഗ്വെൻഡൂസിയെ ബോക്സിൽ വീഴ്ത്തിയത്തിന് ആണ് റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത പെപെ തന്റെ ആദ്യ ആഴ്സണൽ ഗോൾ നേടി സ്കോർ തുല്യമാക്കി. പക്ഷെ ഒരു മിനിട്ടിനുള്ളിൽ വില്ല ലീഡ് പുനസ്ഥാപിച്ചു. ഗ്രിലിഷിന്റെ പാസിൽ നിന്ന് വെസ്ലിയാണ് ഗോൾ നേടിയത്.

കളി 80 മിനുട്ട് പിന്നിട്ടപ്പോൾ ആഴ്സണൽ വീണ്ടും വല കുലുക്കി. ഇത്തവണ വില്ല ബോക്‌സിൽ ചേമ്പേഴ്‌സാണ് പന്ത് വലയിലാക്കിയത്. 3 മിനിട്ടുകൾക്ക് ശേഷം കളിയിൽ അതുവരെ കാര്യമായി ഒന്നും ചെയാതെ നിന്ന സ്റ്റാർ സ്‌ട്രൈക്കർ ഒബാമയാങ് ആഴ്സണലിന്റെ രക്ഷക്ക് എത്തി. അതി മനോഹരമായ താരത്തിന്റെ ഫ്രീകിക്ക് വലയിൽ പതിക്കുന്നത് നോക്കി നിൽക്കാൻ മാത്രമാണ് വില്ല ഗോളി ഹീറ്റണ് സാധിച്ചത്. പിന്നീട് ലീഡ് നന്നായി പ്രതിരോധിച്ചതോടെ 3 കളികൾക്ക് ശേഷം ആഴ്സണലിന് ഒരു ലീഗ് ജയം സ്വന്തമായി.