ഇന്ത്യൻ ടെന്നീസിലെ പുതിയ സൂപ്പർ താരം ആയ സുമിത്ത് നാഗൽ ഈ വർഷം താൻ അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളെ പറ്റി മനസ്സ് തുറന്നു. ഈ വർഷം ആദ്യം ഒരു ടൂർണമെന്റ് കഴിഞ്ഞു താൻ കാനഡയിൽ നിന്നു ജർമ്മനിയിലേക്ക് പോകുമ്പോൾ തന്റെ കയ്യിൽ വെറും 6 ഡോളർ മാത്രമാണ് ഉണ്ടായിരുന്നു എന്നു പറഞ്ഞ സുമിത്ത് അന്ന് തനിക്ക് രക്ഷക്കായി എത്തിയത് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കൊഹ്‌ലിയുടെ ഫൗണ്ടേഷൻ ആണെന്നും വ്യക്തമാക്കി. വിരാട് കൊഹ്‌ലി ഫൗണ്ടേഷൻ ഇല്ലായിരുന്നെങ്കിൽ തനിക്ക് യു.എസ് ഓപ്പണിൽ അടക്കം നടത്തിയ സ്വപ്നപ്രകടനം നടത്താൻ സാധിക്കില്ലായിരുന്നു എന്നും സുമിത്ത് കൂട്ടിച്ചേർത്തു. ആളുകൾ കഷ്ടപ്പെടുന്ന കായികതാരങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയാൽ അത് കായികരംഗത്ത് വലിയ നേട്ടമാകും എന്നും ഇന്ത്യൻ താരം കൂട്ടിച്ചേർത്തു.
ഈ നിലയിൽ നിന്നു ലോക റാങ്കിംഗിൽ 190 സ്ഥാനത്ത് ഉള്ള സുമിത്ത് ഏതാണ്ട് സ്വപ്നസമാനമായ പ്രകടനം ആണ് യു.എസ് ഓപ്പണിൽ നടത്തിയത്. യോഗ്യത മത്സരത്തിൽ കളിച്ച് ആദ്യ റൗണ്ടിൽ 20 തവണ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ റോജർ ഫെഡററെ നേരിട്ട സുമിത്ത് ഇതിഹാസതാരത്തിന് എതിരെ മികച്ച പ്രകടനം ആണ് നടത്തിയത്. 4 സെറ്റ് പോരാട്ടത്തിൽ കീഴടങ്ങിയെങ്കിലും ആദ്യ സെറ്റ് നേടി തന്റെ മൂല്യം ലോകത്തെ ഏറ്റവും വലിയ ടെന്നീസ് മൈതാനങ്ങളിൽ ഒന്നിൽ കാണിക്കാനും സുമിത്തിനു സാധിച്ചു. 22 കാരനായ സുമിത്ത് ഈ പ്രകടനത്തിലൂടെ നേടിയത് ഏതാണ്ട് 58,000 ഡോളർ കൂടിയാണ്. കയ്യിലെ 6 ഡോളറിൽ നിന്നുള്ള അവിസ്മരണീയമായ വളർച്ച. ഇനിയും ഇന്ത്യൻ ടെന്നീസിന് തന്നിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കാം എന്ന വ്യക്തമായ സൂചന സുമിത്ത് ഈ പ്രകടനത്തിലൂടെ നൽകുകയും ചെയ്തു.