ടി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരമെന്ന റെക്കോർഡ് എനി ഇന്ത്യൻ താരം രോഹിത് ശർമ്മക്ക് സ്വന്തം. നിലവിൽ ക്രിസ് ഗെയ്ലിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് രോഹിത് ശർമ്മ മറികടന്നത്. ഇന്നലെ വെസ്റ്റിൻഡീസിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിൽ മൂന്ന് സിക്സുകൾ നേടിയാണ് രോഹിത് ശർമ്മ ഗെയ്ലിന്റെ റെക്കോർഡ് മറികടന്നത്. ഇന്നലെ നേടിയ മൂന്ന് സിക്സറുകളോടെ ടി20 ഇന്റർനാഷണൽ മത്സരത്തിൽ രോഹിത് ശർമ്മ നേടിയ സിക്സുകളുടെ എണ്ണം 106ആയി.
105 സിക്സുകൾ നേടിയ ഗെയ്ലിന്റെ നേട്ടം ഇതോടെ രണ്ടാം സ്ഥാനത്ത് എത്തി. 103 സിക്സുകൾ നേടിയ മാർട്ടിൻ ഗുപ്ടിലും 92 എണ്ണം നേടിയ കോളിൻ മൺറോയും 91 എണ്ണം നേടിയ ബ്രെണ്ടൻ മക്കല്ലാവുമാണ് സിക്സുകൾ നേടിയവരുടെ പട്ടികയിൽ ഇവർക്ക് പിന്നിൽ ഉള്ളത്. മത്സരത്തിൽ 51 പന്തിൽ 67 റൺസ് നേടിയ രോഹിത് ശർമ്മ ഇന്ത്യയുടെ വിജത്തിന് ചുക്കാൻ പിടിച്ചിരുന്നു. മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ 22 റൺസിന് വെസ്റ്റിൻഡീസിനെ തോല്പിച്ച് ടി20 പരമ്പര സ്വന്തമാക്കിയിരുന്നു.
നിലവിൽ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡും ഏകദിനത്തിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ റെക്കോർഡും രോഹിത് ശർമയുടെ പേരിലാണ്.