ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം സ്ട്രൈക്കറായ ഹെൻറി കിസേക വീണ്ടും ഗോകുലം കേരള എഫ് സിയിൽ എത്തി. കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ നിരയിലേക്ക് പോയിരുന്ന കിസേക അവിടെ കാര്യമായി ശോഭിക്കാൻ കഴിയാത്തതിനാൽ തിരികെ എത്തിയിരിക്കുകയാണ്. 2017-18 സീസണിൽ ഗോകുലം എഫ് സിയിൽ ഐ ലീഗിൽ അവസാനമെത്തി സീസണിലെ രക്ഷകനായി മാറിയ താരമായിരുന്നു ഹെൻറി കിസെക.
ഉഗാണ്ടൻ താരമായ കിസേക ഗോകുലം കേരള എഫ് സിയിലൂടെ ആയിരുന്നു ഇന്ത്യയിലേക്ക് ആദ്യ എത്തിയത്. ആദ്യ സീസണിൽ വൻ ടീമുകളെ ഒക്കെ ഗോകുലം ഞെട്ടിച്ചപ്പോൾ ഒക്കെ ഗോളുമായി ഹെൻറി കിസേക തിളങ്ങിയിരുന്നു. ആ സീസണിൽ ലീഗിൽ വെറും ഏഴു മത്സരങ്ങളിൽ നിന്ന് നാലു ഗോളുകളും രണ്ട് അസിസ്റ്റും കിസേക നേടിയിരുന്നു.
കഴിഞ്ഞ സീസണിൽ ബഗാനായി 19 മത്സരങ്ങൾ കളിച്ച കിസേക അഞ്ചു ഗോളുകളും നാലു അസിസ്റ്റുമാണ് നേടിയത്. മുമ്പ് ഉഗാണ്ടൻ ദേശീയ ടീമിനായി കളിച്ചിട്ടുള്ള താരമാണ് കിസേക്ക.