ലോകകപ്പിലെ തിരിച്ചടിയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി പുതിയ കോച്ചിനെ തേടുവാനൊരുങ്ങി ബിസിസിഐ. നിലവിലെ മുഖ്യ കോച്ച് രവി ശാസ്ത്രിയ്ക്ക് സ്ഥാനത്ത് തുടരണമെങ്കില്‍ വീണ്ടും അപേക്ഷിക്കണമെന്നാണ് അറിയുന്നത്. നിലവിലെ കോച്ചിംഗ് സ്റ്റാഫിന്റെ കാലാവധി ഇന്ത്യയുടെ വിന്‍ഡീസ് പരമ്പര വരെ മാത്രമാണുള്ളതെന്നതാണ് പുതിയ കോച്ചിനുള്ള അപേക്ഷ ക്ഷണിക്കുവാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്.
ലീഗ് ഘട്ടങ്ങളില്‍ ഇംഗ്ലണ്ടിനെതിരെ ഒഴികെ മറ്റ് മത്സരങ്ങളില്ലൊം വ്യക്തമായ ആധിപത്യത്തോടെ ഇന്ത്യ വിജയിച്ച് കയറിയെങ്കിലും സെമി ഫൈനലില്‍ ന്യൂസിലാണ്ടിനെതിരെ ടീമിന് കാലിടറിയത് വലിയ തിരിച്ചടിയായി മാറുകയായിരുന്നു. ഓഗസ്റ്റില്‍ വിന്‍ഡീസിനെതിരെ നടക്കുന്ന പൂര്‍ണ്ണ പരമ്പരയാണ് ഇന്ത്യയുടെ അടുത്ത ദൗത്യം. ശാസ്ത്രിയ്ക്ക് തുടര്‍ന്ന് ഇന്ത്യന്‍ കോച്ചായി നിലനില്ക്കണമെങ്കില് വീണ്ടും അപേക്ഷിക്കണമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
കോച്ചിനെ മാത്രമല്ല പുതിയ സപ്പോര്‍ട്ട് സ്റ്റാഫിനു വേണ്ടിയുള്ള അപേക്ഷയും ബിസിസിഐ വിളിക്കുന്നുണ്ടെന്നാണ് അറിയുന്നത്. വരും ദിവസങ്ങളില്‍ ബിസിസിഐ വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച വിജ്ഞാപനം വരുമെന്നും ബിസിസിഐ അറിയിച്ചു. 2017ല്‍ അനില്‍ കുംബ്ലൈ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് രവി ശാസ്ത്രി ഇന്ത്യയുടെ കോച്ചായി എത്തുന്നത്. അന്ന് അനില്‍ കുംബ്ലൈ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് സ്ഥാനം ഒഴിഞ്ഞത്.
നിലവില്‍ ശാസ്ത്രിയുടെയും സഹ സ്റ്റാഫുകളുടെയും കരാര്‍ 45 ദിവസത്തേക്ക് ബിസിസിഐ നീട്ടുകയായിരുന്നു. സെപ്റ്റംബറില്‍ വിന്‍ഡീസ് ടൂര്‍ അവസാനിക്കുന്നതിന് മുമ്പ് പുതിയ സ്റ്റാഫുകളുടെയും കോച്ചിന്റെ അഭിമുഖം നടത്തുവാനായിരിക്കും ബിസിസിഐ ശ്രമിക്കുക.