ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് പറയപ്പെട്ടിരുന്ന ബംഗ്ലാദേശ് നായകന് മഷ്റഫെ മൊര്‍തസ ശ്രീലങ്കയ്ക്കെതിരെയുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ കളിക്കുമെന്നും ടീമിനെ നയിക്കുമെന്നും സൂചന. ലോകകപ്പിന് ശേഷം വിരമിക്കുമോയെന്നതില് താരത്തില്‍ നിന്ന് പ്രതികരണം ഒന്നും ലഭിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ ജൂലൈ 26, 28, 31 എന്നീ തീയ്യതികളില്‍ നടക്കാനിരിക്കുന്ന ഏകദിനങ്ങളില്‍ താരം കളിക്കുമെന്നാണ് അറിയുന്നത്. ബംഗ്ലാദേശ് ബോര്‍ഡുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം.
എന്നാല്‍ താരത്തിന്റെ ഫോമും ഫിറ്റ്നെസ്സും അത്ര മികച്ചതല്ലെന്നതാണ് പ്രധാന പ്രശ്നം. മഷ്റഫെ മൊര്‍തസ പൂര്ണ്ണാരോഗ്യവാനാണെങ്കില് കളിക്കുമെന്നാണ് ദേശീയ സെലക്ടര്‍ ഹബീബുള്‍ ബഷര്‍ പറയുന്നത്. താരം ഫിറ്റ്നെസ്സ് ടെസ്റ്റിന് വിധേയനാകേണ്ടി വരുമെന്ന് ബംഗ്ലാദേശ് മുഖ്യ സെലക്ടര്‍ അറിയിച്ചു. താരം ലോകകപ്പില്‍ പരിക്കുമായാണ് കളിച്ചതെന്നും അതിനാല്‍ തന്നെ ശ്രീലങ്കയ്ക്കെതിരെ ആവശ്യമായ രീതിയില്‍ താരം പുരോഗതി കൈവരിച്ചാല്‍ മാത്രമേ താരത്തിനെ തിരഞ്ഞെടുക്കുവാന്‍ സാധ്യതയുള്ളുവെന്നും ബഷര്‍ വ്യക്തമാക്കി.