കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനോട് തോൽവി വഴങ്ങി എങ്കിലും പെറുവിന്റെ സ്ട്രൈക്കർ പാവ്ലോ ഗുറെറോ കോപ്പ അമേരിക്കയിലെ 90 വർഷത്തിന് ശേഷം അപൂർവ്വമായൊരു നേട്ടത്തിനർഹനായിരിക്കുകയാണ്. ഫൈനലിൽ നേടിയ ഗോൾ ഉൾപ്പെടെ ടൂർണമെന്റിൽ മൂന്നു ഗോളുകൾ നേടിയ ഗുറെറോ ആണ് ടോപ് സ്കോറർ. ബ്രസീലിന്റെ എവർട്ടനും നേടിയത് മൂന്ന് ഗോളുകൾ ആയിരുന്നു.
ടൂർണമെന്റിലെ ടോപ് സ്കോറർ പദവി സ്വന്തമാക്കിയ ഗുറെറോ മൂന്നാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്. 2011, 2015 ടൂര്‍ണമെന്റുകളിലും ടോപ് സ്കോറർ പദവി നേടിയത് ഗുറെറോ ആയിരുന്നു. 1923, 1924, 1927 എന്നീ വർഷങ്ങളിൽ നടന്ന കോപ്പയിൽ ടോപ് സ്കോറർ പദവി നേടിയ ഉറുഗ്വേയുടെ പെഡ്രോ പെട്രോണിന്റെ നേട്ടത്തിനൊപ്പമാണ് ഗുറെറോ എത്തിയിരിക്കുന്നത്. 2011ൽ മൂന്നാം സ്ഥാനക്കാരായ പെരുവിന് വേണ്ടി 5 ഗോളുകൾ ഗുറെറോ നേടിയപ്പോൾ 2015ലും നാല് ഗോളുകൾ നേടി പെറുവിനെ മൂന്നാം സ്ഥാനത്തെത്തിച്ചു.