കടുത്ത പോരാട്ടത്തിന് ശേഷം മൂന്നാം റൗണ്ടിലേക്ക് മുന്നേറി മൂന്നാം സീഡ് കരോലിന പ്ലീസ്‌കോവ. ചൈനീസ് താരവും 28 സീഡുമായ സു വെയിൻ മത്സരത്തിൽ മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. ആദ്യ സെറ്റ് 6-3 നു സ്വന്തമാക്കിയ പ്ലീസ്‌കോവക്ക് എതിരെ രണ്ടാം സെറ്റിൽ നന്നായി കളിച്ച ചൈനീസ് താരം 6-2 നു സെറ്റ് സ്വന്തമാക്കി. എന്നാൽ മൂന്നാം സെറ്റിൽ സുയുടെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത പ്ലീസ്‌കോവ നിരവധി ഏസുകളുമായി നന്നായി സർവീസ് ചെയ്തപ്പോൾ സുവിന് മൂന്നാം സെറ്റിൽ ഒരവസരവും ലഭിച്ചില്ല. 6-4 നു മൂന്നാം സെറ്റും മത്സരവും പ്ലീസ്‌കോവക്ക് സ്വന്തം. കോർട്ട് രണ്ടിൽ നടന്ന മത്സരത്തിൽ മുൻ ഗ്രാന്റ് സ്‌ലാം ജേതാവായ കരോളിന വോസിനിയാക്കിയെ സീഡ് ചെയ്യപ്പെടാത്ത ചൈനീസ് താരം സങ് സ്വായിയാണ് അട്ടിമറിച്ചത്. 14 സീഡ് വോസിനിയാക്കിക്ക് എതിരെ 6-4,6-2 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ചൈനീസ് താരത്തിന്റെ ജയം. അതേസമയം 3 സെറ്റ് പോരാട്ടത്തിനു ഒടുവിൽ 31 സീഡ് മരിയെ മറികടന്ന് 8 സീഡ് എലിന സിവിറ്റോലീന നാലാം റൗണ്ടിൽ പ്രവേശിച്ചു.
പുരുഷന്മാരിൽ അമേരിക്കൻ താരം റെയ്‌ലി ഒപെൽക്കയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് കാനഡയുടെ മീലോസ് റയോണിക് നാലാം റൗണ്ടിൽ പ്രവേശിച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടങ്കിലും പിന്നീട് അമേരിക്കൻ താരത്തിന് 15 സീഡ് റയോണിക് ഒരവസരവും നൽകിയില്ല. സ്‌കോർ – 7-6,6-2,6-1. മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് താരവും 28 സീഡുമായ ബെനോയിറ്റ് പെയ്രയും നാലാം റൗണ്ടിലേക്ക് മുന്നേറി. വേസ്‌ലിക്ക് എതിരെ 7-5,6-7,6-3,7-6 എന്ന സ്കോറിന് 4 സെറ്റ് നീണ്ട പോരാട്ടത്തിനു ഒടുവിലായിരുന്നു ഫ്രഞ്ച് താരത്തിന്റെ ജയം. അതേസമയം ഇന്ത്യയുടെ ഇതിഹാസ താരം ലിയാൻണ്ടർ പേസും ഓസ്‌ട്രേലിയൻ താരം സാമന്തയും അടങ്ങിയ സഖ്യം മിക്‌സിഡ് ഡബിൾസിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ബ്രിട്ടീഷ് സഖ്യമായ ഏദൻ സിൽവ, ഇവാൻ ഹോയിറ്റ് സഖ്യത്തിന് എതിരെ 3 സെറ്റ് നീണ്ട പോരാട്ട ശേഷമായിരുന്നു പേസ് സഖ്യത്തിന്റെ തോൽവി. സ്‌കോർ – 6-4, 6-2, 6-4.