ഒന്നാം സീഡും നിലവിലെ ജേതാവുമായ നൊവാക് ദ്യോക്കോവിച്ച് വിംബിൾഡന്റെ മൂന്നാം റൗണ്ടിൽ കടന്നു. അമേരിക്കൻ താരം ഡെന്നിസ് കുട്ലക്കെതിരെ സെന്റർ കോർട്ടിൽ സമ്പൂർണ ആധിപത്യം സ്ഥാപിച്ച ദ്യോക്കോവിച്ച് തന്റെ എതിരാളികൾക്ക് വലിയ മുന്നറിയിപ്പാണ് നൽകുന്നത്. ആദ്യ സെറ്റിന്റെ തുടക്കത്തിൽ തന്നെ മത്സരത്തിന്റെ പോക്ക് കയ്യിലെടുത്ത നൊവാക് കുട്ലയുടെ ആദ്യ സർവ്വീസ് തന്നെ ബ്രൈക്ക് ചെയ്താണ് തുടങ്ങിയത്. എന്നാൽ നൊവാക്കിന്റെ സർവ്വീസ് ഭേദിച്ച കുട്ല മത്സരത്തിലേക്ക് മടങ്ങി വരാൻ ചെറിയൊരു ശ്രമം നടത്തിയെങ്കിലും നൊവാക് അതിനു സമ്മതിച്ചില്ല. 6-3 നു ആദ്യ സെറ്റ് ദ്യോക്കോവിച്ചിന്.
രണ്ടാം സെറ്റിലും ദ്യോക്കോവിച്ചിന്റെ സർവ്വീസ് കുട്ല ബ്രൈക്ക് ചെയ്തെങ്കിലും തന്റെ ഏറ്റവും വലിയ ആയുധമായ പേർഫെക്ട് റിട്ടേണുകൾ പുറത്തെടുത്ത ദ്യോക്കോവിച്ച് കുട്ലയുടെ സർവ്വീസ് കൾ ഒന്നിന് പിറകെ ഒന്നായി ബ്രൈക്ക് ചെയ്ത് രണ്ടാം സെറ്റ് 6-2 നു സ്വന്തമാക്കി. മൂന്നാം സെറ്റിലും തുടർച്ചയായി കുട്ലയുടെ ആദ്യ സർവ്വീസ് ബ്രൈക്ക് ചെയ്ത ദ്യോക്കോവിച്ചിന് മുന്നിൽ കുട്ലയുടെ സർവ്വീസുകൾക്ക് ഒന്നും ചെയ്യാനായില്ല. ഇടക്ക് പൊരുതി നോക്കിയ കുട്ല ദ്യോക്കോവിച്ചിന്റെ സർവ്വീസുകൾക്ക് എതിരെ നന്നായി കളിച്ചു എന്നാൽ ഇതൊന്നും മൂന്നാം സെറ്റും (6-2) മത്സരവും സ്വന്തമാക്കുന്നതിൽ നിന്ന് ദ്യോക്കോവിച്ചിനെ തടഞ്ഞില്ല. വലിയ ആധിപത്യം മത്സരത്തിൽ പുലർത്തിയ ദ്യോക്കോവിച്ച് വരും മത്സരങ്ങളിൽ കൂടുതൽ നന്നാകും എന്നുറപ്പാണ്.
അതേസമയം രണ്ടാം നമ്പർ കോർട്ടിൽ നടന്ന മറ്റൊരു മത്സരത്തിൽ ജയിച്ച് 4 സീഡും മുൻ വർഷത്തെ വിംബിൾഡൺ ഫൈനലിൽ ദ്യോക്കോവിച്ചിന്റെ എതിരാളിയുമായ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആന്റേഴ്സനും മൂന്നാം റൗണ്ടിൽ എത്തി. ക്രൊയേഷ്യൻ താരമായ ടിപസാറെവിച്ചിനെതിരെ 4 സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു ആന്റേഴ്സന്റെ ജയം. നിരവധി ഏസുകൾ തൊടുത്ത ആന്റേഴ്സൻ വലിയ സർവ്വീസുകളുമായി മത്സരം പിടിച്ചു. പൊരുതി നോക്കിയെങ്കിലും ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റിൽ അല്ലാതെ എതിരാളി ആന്റേഴ്സനു വലിയ വെല്ലുവിളി ആയില്ല. ഒരു ഏസിലൂടെ മത്സരം അവസാനിപ്പിച്ച ആന്റേഴ്സൻ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. കോർട്ട് രണ്ടിൽ നടന്ന മത്സരത്തിൽ വനിത വിഭാഗത്തിൽ 7 സീഡ് സിമോണ ഹാലപ്പും ജയം കണ്ടു. മികച്ച പോരാട്ടം നടത്തിയ നാട്ടുകാരിയായ എതിരാളിക്ക് എതിരെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു ഹാലപ്പിന്റെ ജയം. സ്കോർ – 6-3,4-6,6-2. മുൻ ലോക ഒന്നാം നമ്പർ താരം വിക്ടോറിയ അസരങ്കയാണ് ഹാലപ്പിന്റെ മൂന്നാം റൗണ്ടിലെ എതിരാളി.