ബ്രസീലിന്റെ ഗോൾ കീപ്പർ അലിസണ് മുന്നിൽ ഒരിക്കൽ കൂടെ മെസ്സി വീണിരിക്കുകയാണ്. ഇന്നത്തെ കോപ സെം ഫൈനലിലെ തോൽവിയുൾപ്പെടെ അവസാന രണ്ടു വർഷങ്ങൾക്കിടെ മൂന്നാം തവണയാണ് ഒരു നോക്കൗട്ട് ടൂർണമെന്റിൽ അലിസണ് മുന്നിൽ മെസ്സി പരാജയപ്പെടുന്നത്. കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗിലായിരുന്നു ആദ്യ മെസ്സിയുടെ ടീമിനെ അലിസണ് തോൽപ്പിച്ചത്.
അന്ന് ചാമ്പ്യൻസ് ലീഗ് സ്വപ്നം തകർന്ന് മെസ്സി നിരാശയോടെ കളം വിട്ടു. ഒരു വർഷത്തിനിപ്പുറം വീണ്ടും ഇരു താരങ്ങൾ ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടി. ഇത്തവണ സെമി ഫൈനലിൽ. ലിവർപൂളും ബാഴ്സയും തമ്മിൽ നടന്ന ആദ്യ പാദ സെമിയിൽ മെസ്സി രണ്ട് ഗോളുകൾ അലിസണെതിരെ നേടിയപ്പോൾ മെസ്സിക്കാകും വിജയം എന്ന് കരുതി. എന്നാൽ രണ്ടാം പാദത്തിൽ മെസ്സിയുടെ ബാഴ്സയെ തകർത്ത് ക്ലീൻഷീറ്റും സ്വന്തമാക്കി അലിസന്റെ ലിവർപൂൾ ഫൈനലിലേക്ക് കടക്കുകയായിരുന്നു.
ആ രണ്ട് കിരീട സ്വപ്നങ്ങളും തകർത്ത ശേഷമായിരുന്നു ഇന്നത്തെ ഏറ്റുമുട്ടൽ. ഇന്നും മാറ്റമുണ്ടായില്ല. മെസ്സിയുടെ ഒരു ഗംഭീര ഫ്രീകിക്ക് തടഞ്ഞത് ഉൾപ്പെടെയുള്ള സേവുകളുമായി ബ്രസീൽ ജയത്തിൽ അലിസണ് വീണ്ടും നിർണായ പങ്ക്. മെസ്സിയുടെ ഏറ്റവും വലിയ സ്വപ്നമായ ദേശീയ ടീമിനൊപ്പം ഒരു കിരീടം എന്നതും അലിസണ് മുന്നിൽ തകർന്നു.