ലൂയിസ് സുവാരസ് ഒരേ സമയം ഉറുഗ്വേയുടെ ദേശീയ ഹീറോയും ഫുട്ബാൾ ലോകത്ത് വില്ലനാവുകയും ചെയ്ത നിമിഷത്തിനു ഇന്ന് ഒൻപത് വയസ് തികയുന്നു. 2010 ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മത്സരത്തിന്റെ ഘാനയുടെ ഡൊമിനികിന്റെ ഗോളെന്നുറച്ച ഒരു ഹെഡർ ഗോൾ ലൈനിൽ കൈ കൊണ്ട് തടുത്തിട്ടത് ഇന്നേക്ക് ഒൻപത് വര്ഷം മുൻപായിരുന്നു.
2010 ലോകകപ്പിലെ കറുത്ത കുതിരകളായി മുന്നേറിയ ആഫ്രിക്കൻ കരുത്തരായ ഘാന ക്വാർട്ടർ ഫൈനലിൽ ഉറുഗ്വേയെ നേരിടുന്നു. ഉറുഗ്വേയെ ഞെട്ടിച്ചു കൊണ്ട് 45ആം മിനിറ്റിൽ സുല്ലേ മുണ്ടറിയിലൂടെ ഘാന ലീഡ് എടുക്കുന്നു. എന്നാൽ 55ആം മിനിട്ടിൽ മികച്ച ഒരു ഫ്രീകിക്കിൽ ഫോർലാനിലൂടെ ഉറുഗ്വേ സമനില പിടിച്ചു.
https://www.youtube.com/watch?v=tDpx9GGH79I
മത്സരം നിശ്ചിത സമയവും കടന്നു എക്സ്ട്രാ ടൈമിലേക്ക് നീങ്ങി, ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടുന്നു, എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം, 120ആം മിനിറ്റിൽ ഉറുഗ്വേ ബോക്സിനു തൊട്ടു പുറത്തു വെച്ച് ഘാനക്ക് ഫ്രീകിക്ക് ലഭിക്കുന്നു. ഫ്രീകിക്ക് എടുക്കുന്നത് നാലാം നമ്പർ താരം ജോണ് പൈന്റ്‌സിൽ, പന്ത് ഉറുഗ്വേ പോസ്റ്റിനു മുന്നിൽ, സ്റ്റീഫൻ അപ്പിയയുടെ ഒരു ഇടം കാലൻ ഷോട്ട് ഗോൾ ലൈനിൽ വെച്ച് ഉറുഗ്വേ പ്രാതിരോധത്തിൽ തട്ടി മടങ്ങുന്നു, പന്ത് ഉയർന്നു പൊങ്ങി, ഡൊമിനിക് അഡിയിയഹിന്റെ ഗോളെന്നുറച്ച ഒരു ഹെഡർ.
“സേവ്ഡ്”
ഗോളായി മാറേണ്ടിയിരുന്ന ആ ഹെഡർ ഗോൾ ലൈനിൽ ഉണ്ടായിരുന്ന ലൂയിസ് സുവാരസ് കൈ കൊണ്ട് തടുത്തിട്ടിരിക്കുന്നു. ഘാനയുടെ കളിക്കാർ അപ്പീൽ ചെയ്തു, റഫറി പെനാൽറ്റി അനുവദിക്കുകയും സുവാരസിന് റെഡ് കാർഡ് നൽകുകയും ചെയ്‌തു.
121ആം മിനിറ്റ് അസമാവോ ഗ്യാൻ പെനാൽറ്റി എടുക്കുന്നു, ഘാന ലോകകപ്പ് ചരിത്രത്തൽ ആദ്യമായി സെമിയിൽ എത്തുന്ന ആഫ്രിക്കൻ രാജ്യമാവാൻ പോകുന്നു. പക്ഷെ ഗ്യാനു പെനാൽറ്റി പിഴച്ചു, പന്ത് ഗോൾ പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക്. ടച് ലൈന് പുറത്തു വെച്ച് സുവാരസിന്റെ ആഘോഷം നടക്കുന്നു.
പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ചു ഉറുഗ്വേ സെമിയിലേക്ക്. സുവാരസ് പന്ത് ഗോൾ ലൈനിൽ വെച്ച് തടുത്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തി. സുവാരസ് ഉറുഗ്വേയയുടെ ദേശീയ ഹീറോ ആയപ്പോൾ കണ്ണീരോടെ ഘാന ലോകകപ്പിൽ നിന്നും മടങ്ങി.