ഈ ലോകകപ്പില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എത്ര?

Sayooj

ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഒരു താരം പോലും ശതകം നേടിയിട്ടില്ല എന്ന് മാത്രമല്ല ടീമിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ വെറും 68 റണ്‍സാണ്. ക്വിന്റണ്‍ ഡി കോക്ക് രണ്ട് തവണ നേടിയ ഈ നേട്ടമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും എതിരെയാണ് ഡി കോക്കിന്റെ ഈ പ്രകടനം. ടോപ് ഓര്‍ഡറിലെന്നല്ല ഒരു താരം പോലും തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റാത്തതാണ് ദക്ഷിണാഫ്രിക്കയുടെ ഇതുവരെയുള്ള വിജയങ്ങളുടെ എണ്ണം ഒന്നില്‍ ചുരുക്കിയത്. അതും അഫ്ഗാനിസ്ഥാനെതിരെ മാത്രം.

റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍ പുറത്താകാതെ ന്യൂസിലാണ്ടിനെതിരെ നേടിയ 67 റണ്‍സാണ് ടീമിന്റെ അടുത്ത ഉയര്‍ന്ന സ്കോര്‍. ഫാഫ് ഡു പ്ലെസി പാക്കിസ്ഥാനെതിരെ 63 റണ്‍സും ബംഗ്ലാദേശിനെതിരെ നേടിയ 62 റണ്‍സുമാണ് ഇതിനു പിന്നാലെയുള്ള സ്കോറുകള്‍. ഏഴ് മത്സരങ്ങള്‍ കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 5 തോല്‍വി നേരിടേണ്ടി വന്നപ്പോള്‍ ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇനിയവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ വിജയിച്ചാല്‍ പോലും ടീമിനു ഏഴ് പോയിന്റെ നേടാനാകൂ. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് 8 പോയിന്റ് നേടിക്കഴിഞ്ഞു.