ആദ്യം ബാറ്റ് ചെയ്ത് 308 റണ്‍സ് നേടിയ ശേഷം പാക്കിസ്ഥാന്റെ ബൗളര്‍മാരുടെ മികച്ച ബൗളിംഗ് പ്രകടനത്തില്‍ ടീമിനു 49 റണ്‍സിന്റെ വിജയം. 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ 32 പന്തില്‍ നിന്ന് 46 റണ്‍സ് നേടി പുറത്താകാതെ നിന്ന ആന്‍ഡിലെ ഫെഹ്ലുക്വായോയുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ തോല്‍വിയുടെ ആഴം കുറച്ചത്.
ഹഷിം അംലയെ തുടക്കത്തില്‍ നഷ്ടമായ ശേഷം ക്വിന്റണ്‍ ഡി കോക്ക്-ഫാഫ് ഡു പ്ലെസി സഖ്യം നേടിയ 87 റണ്‍സ് കൂട്ടുകെട്ടിനെ ഷദബ് ഖാന്‍ തകര്‍ത്ത ശേഷം ഒരു കൂട്ടുകെട്ടിനെയും അധിക സമയം ക്രീസില്‍ നില്‍ക്കുവാന്‍ അനുവദിക്കാതെ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് പ്രശ്നം സൃഷ്ടിക്കുകായയിരുന്നു. ഷദബ് ഖാനും മുഹമ്മദ് അമീറും ടോപ് ഓര്‍ഡറില്‍ പ്രഹരങ്ങള്‍ ഏല്പിച്ചപ്പോള്‍ വഹാബ് റിയാസ് ആണ് വാലറ്റത്തെ തകര്‍ത്തെറിഞ്ഞത്.
ഡി കോക്ക് 47 റണ്‍സും ഫാഫ് ഡു പ്ലെസി 63 റണ്‍സും നേടിയപ്പോള്‍ റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍(36), ഡേവിഡ് മില്ലര്‍(31) എന്നിവര്‍ക്ക് ലഭിച്ച തുടക്കം അധികം മുന്നോട്ട് കൊണ്ടുപോകാനായില്ല. പാക്കിസ്ഥാന്‍ നിരയില്‍ ഷദബ് ഖാനും വഹാബ് റിയാസും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് അമീറിനു രണ്ട് വിക്കറ്റ് ലഭിച്ചു.