നിരാശയുണ്ട്, എന്നാലും ലോകകപ്പ് ജയിക്കുമെന്ന് ശക്തമായി വിശ്വസിക്കുന്നു

Sayooj

ഇന്ന് ലോകകപ്പില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുന്നതിന്റെ വക്കോളമെത്തിയെങ്കിലും മത്സരം കൈവിട്ടതില്‍ നിരാശയുണ്ടെന്ന് പറഞ്ഞ് ജേസണ്‍ ഹോള്‍ഡര്‍. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് തങ്ങളുടെ വിജയ പ്രതീക്ഷയെ ഇല്ലാതാക്കിയെങ്കിലും ഉത്തരവാദിത്വമില്ലാത്ത ഷോട്ടുകള്‍ താരങ്ങള്‍ കളിച്ചതാണ് ടീമിനു വിനയായതെന്ന് ഹോള്‍ഡര്‍ പറഞ്ഞു. അല്പ സമയം കൂടി അവിടെ ബാറ്റ്സ്മാന്മാര്‍ നിന്നിരുന്നുവെങ്കില്‍ ലക്ഷ്യം മറികടക്കുവാന്‍ സാധിച്ചേനെ എന്നും ഹോള്‍ഡര്‍ പറഞ്ഞു.

79/5 എന്ന നിലയില്‍ ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കിയ ശേഷം 288 റണ്‍സിലേക്ക് ടീമിനെ കയറൂരിവിട്ടത് തങ്ങളുടെ തെറ്റാണെന്ന് ഹോള്‍ഡര്‍ പറഞ്ഞു. കോള്‍ട്ടര്‍ നൈല്‍ 60നടുത്ത സ്കോറില്‍ നില്‍ക്കെ നല്‍കിയ അവസരം കൈവിട്ടിരുന്നു. പിന്നീട് താരം 30നടുത്ത് റണ്‍സ് നേടി. ഇതെല്ലാം മത്സരത്തിലെ നിര്‍ണ്ണായക നിമിഷങ്ങളാണെന്ന് ഹോള്‍ഡര്‍ പറഞ്ഞു.

ഇന്നത്തെ മത്സരഫലം എതിരാണെങ്കിലും ലോകകപ്പ് ജയിക്കുവാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നുവെന്നും തന്റെ ടീം അല്പം കൂടി സ്ഥിരത പുറത്തെടുത്താല്‍ മതിയെന്നും ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.