വിന്‍ഡീസിനെതിരെ നാണംകെട്ട തോല്‍വിയ്ക്ക് ശേഷം നിലവിലെ ഒന്നാം റാങ്കുകാരും ആതിഥേയരുമായ ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയമായ ജയം പിടിച്ചെടുത്ത് പാക്കിസ്ഥാന്. വിന്‍ഡീസിനെതിരെ 105 റണ്‍സിനു ഓള്‍ഔട്ട് ആയ ടീം ഇന്ന് നേടിയത് 348 റണ്‍സാണ്. ജോ റൂട്ടിന്റെയും ജോസ് ബട്ലറുടെയും ശതകത്തിന്റെ മികവില്‍ ഇംഗ്ലണ്ട് പൊരുതി നോക്കിയെങ്കിലും 249 റണ്‍സെന്ന വിജയ ലക്ഷ്യത്തിനു 14 റണ്‍സ് അകലെ വരെ എത്തുവാനെ ടീമിനു സാധിച്ചുള്ളു. ഇംഗ്ലണ്ടിനു 50 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സാണ് നേടാനായത്.
മുഹമ്മദ് ഹഫീസിന്റെ നിര്‍ണ്ണായക ക്യാച്ച് കൈവിട്ട ജേസണ്‍ റോയ് തന്റെ തെറ്റ് തിരുത്തുവാനുള്ള അവസരം മുതലാക്കാതെ വേഗം മടങ്ങിയ ശേഷം ജോ റൂട്ടും ജോണി ബൈര്‍സ്റ്റോയും ഇംഗ്ലണ്ടിനു വേണ്ടി രണ്ടാം വിക്കറ്റില്‍ 48 റണ്‍സ് നേടിയെങ്കിലും ബൈര്‍സ്റ്റോയെ വഹാബ് റിയാസ് പുറത്താക്കി. ഓയിന്‍ മോര്‍ഗനെ ഹഫീസും ബെന്‍ സ്റ്റോക്സിനെ ഷൊയ്ബ് മാലിക്കും പുറത്താക്കിയതോടെ 118/4 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ട് വലിയ തോല്‍വിയാണ് മുന്നില്‍ കണ്ടത്.
എന്നാല്‍ അഞ്ചാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ടിലൂടെ ജോ റൂട്ട്-ജോസ് ബട്ലര് കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി. ഷദബ് ഖാന് ശതകം നേടിയ ജോ റൂട്ടിനെ പുറത്താക്കുമ്പോള്‍ 130 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് നേടിയത്. 104 പന്തില്‍ നിന്ന് 107 റണ്‍സ് നേടിയാണ് ജോ റൂട്ടിന്റെ മടക്കം.
ജോ റൂട്ട് പുറത്തായ ശേഷവും തന്റെ പതിവു ശൈലിയില്‍ ജോസ് ബട്ലര് ബാറ്റ് വീശിയപ്പോള്‍ അവസാന എട്ടോവറില്‍ ഇംഗ്ലണ്ടിന്റെ ലക്ഷ്യം അഞ്ച് വിക്കറ്റ് കൈവശം ഇരിക്കവെ 81 റണ്‍സായിരുന്നു. തുടര്‍ന്നു ജോസ് ബട്ലര് അനായാസം റണ്‍സ് കണ്ടെത്തിയപ്പോള്‍ പാക്കിസ്ഥാന് ക്യാമ്പ് പരിഭ്രാന്തരായെങ്കിലും 75 പന്തില്‍ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ ജോസ് ബട്ലര് അടുത്ത പന്തില്‍ പുറത്തായതോടു കൂടി ഇംഗ്ലണ്ടിന്റെ കാര്യങ്ങള്‍ കഷ്ടത്തിലാവുകയായിരുന്നു. 103 റണ്‍സാണ് ജോസ് ബട്ലര് 76 പന്തില്‍ നിന്ന് നേടിയത്. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 58 റണ്‍സായിരുന്നു ഇംഗ്ലണ്ടിനു നേടേണ്ടിയിരുന്നത്. ക്രീസില്‍ മോയിന്‍ അലിയും ക്രിസ് വോക്സും.
ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 32 റണ്‍സ് നേടിയെങ്കിലും 19 റണ്‍സ് നേടിയ മോയിന്‍ അലിയെ വഹാബ് റിയാസ് പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ടിനു ലക്ഷ്യം 13 പന്തില്‍ നിന്ന് 29 റണ്‍സായിരുന്നു. പാക്കിസ്ഥാന് വേണ്ടി വഹാബ് റിയാസ് മൂന്നും മുഹമ്മദ് അമീര്‍, ഷദബ് ഖാന് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.