ഒരുപാട് പണം വാരി എറിഞ്ഞിട്ടും പ്രതീക്ഷിച്ച ഫലം കിട്ടാതിരുന്നവരും കിട്ടിയവരും കഴിഞ്ഞ സീസണിൽ അനവധിയാണ്. റെക്കോർഡ് തുകയ്ക്ക് അലിസണിനെയും വാൻ ഡേയ്ക്കിനെയും സ്വന്തമാക്കി ചാമ്പ്യൻസ് ലീഗ് കിരീടവും ഇ പി എല്ലിലെ ചാമ്പ്യന്മാരോളം വില മതിക്കുന്ന രണ്ടാം സ്ഥാനവും സ്വന്തമാക്കിയ ലിവർപൂളും കൂട്ടീന്യോയും വിദാലും ആർതറും ഉൾപ്പെടെ വൻ സന്നാഹം കെട്ടിപ്പടുത്തു വലിയ പ്രതീക്ഷകളുമായി വന്നു അവസാനം ലാലിഗ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ബാഴ്സയും ക്ലബ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിങ് ആയി റൊണാൾഡോയെ കൊണ്ട് വന്നിട്ടും ചാമ്പ്യൻസ് ലീഗ് സ്വപ്നം ഇനിയും ബാക്കിയായ യുവന്റസും റൊണാൾഡോ പോയാലും ഞങ്ങൾക്കൊന്നുമില്ല എന്ന അമിതാത്മവിശ്വാസത്തിൽ ട്രാൻസ്ഫർ രംഗത്ത് വലിയ ചലനം ഉണ്ടാക്കാതെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പു കുത്തിയ റയൽ മാഡ്രിഡും എല്ലാം ഫുട്ബോൾ രംഗത്ത് ചർച്ചാവിഷയമായപ്പോഴും അവരിൽ നിന്നെല്ലാം വ്യത്യസ്തരായി നിന്നവരാണ് പോച്ചട്ടീനോയുടെ ടോട്ടൻഹാം.
ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് പുതുക്കിപ്പണിഞ്ഞ വര്ഷമായതിനാൽ ട്രാൻസ്ഫർ മാർക്കറ്റിൽ ഒരു പെന്നി പോലും നിക്ഷേപിക്കാൻ പോച്ചട്ടീനോക്ക് അധികാരം ഉണ്ടായിരുന്നില്ല ഈ സീസണിൽ. എന്നിട്ടും കോടികൾ എറിഞ്ഞ ബാഴ്സയ്ക്കും യുവന്റസിനും എന്തിന് ഇ പി എൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് പോലും സാധിക്കാതിരുന്ന യൂ സി എൽ ഫൈനൽ പ്രവേശം അവിശ്വസനീയമാം വിധം നേടിയെടുത്തു അദ്ദേഹം. അദ്ദേഹത്തിന്റെ വജ്രായുധമായ ഹാരി കെയ്ൻ ഈ സീസണിൽ ഉടനീളം പരിക്കിന്റെ പിടിയിലായിരുന്നു എന്ന് കൂടെ ചേർത്തു വായിക്കുമ്പോൾ മനസിലാക്കാം അദ്ദേഹം എത്ര മനോഹരമായാണ് ടോട്ടൻഹാമിനെ മുന്നോട്ട് കൊണ്ടു പോയതെന്ന്. നെയ്മറുടെ വരവോടെ പി എസ് ജി പുറംതള്ളിയ പ്ലെയറായിരുന്നു ലൂക്കാസ് മൗറ. അദ്ദേഹമായിരുന്നു സെമി ഫൈനലിൽ അയാക്സിനെതിരെ രണ്ടാം പാദത്തിൽ നടത്തിയ അദ്‌ഭുതാവഹമായ തിരിച്ചു വരവിലെ ഹീറോ. സൂപ്പർ താരങ്ങളെ വാങ്ങിച്ചു കൂട്ടി അവരെ വേണ്ട വിധത്തിൽ ഉപയോഗിക്കാതെ തോൽവി പിണയുന്ന വാൽവെർദെമാരുള്ള ഈ ലോകത്ത് അദ്ദേഹം വ്യത്യസ്തനായി നിലകൊള്ളുന്നത് അതു കൊണ്ടാണ്. താൻ ക്ലബ്ബിൽ എത്തുന്ന സമയത്ത് ഒന്നുമില്ലാതിരുന്ന ഒരു ടീമിനെ അഞ്ച് വർഷത്തിനുള്ളിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിലും തുടർച്ചയായി ഇ പി എല്ലിൽ ആദ്യ 4 സ്ഥാനങ്ങളിൽ ഇടം പിടിച്ചു ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പ് വരുത്തുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമായി മാറിയിരിക്കുകയാണ് മൗറിസിയോ പോച്ചട്ടീനോ എന്ന ഈ 46കാരൻ.
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കാലിടറി എങ്കിലും തല ഉയർത്തി തന്നെ മടങ്ങാം അദ്ദേഹത്തിന് മാഡ്രിഡിൽ നിന്ന്. കാരണം ആക്രമണ ഫുട്ബോൾ കൊണ്ട് എല്ലാവരെയും മുട്ടു കുത്തിക്കാൻ പ്രാപ്തരായ ലിവര്പൂളിനെതിരെ അറ്റാക്ക് ചെയ്തു കളിക്കാനുള്ള ധൈര്യം കാണിച്ച ടോട്ടൻഹാമിന്റെ തന്ത്രങ്ങൾ അതിജീവിക്കാൻ ലിവർപൂൾ ഡിഫെൻസിനു ഏറെ വിയർപ്പൊഴുക്കേണ്ടതായി വന്നു. കളി തോറ്റിട്ടും തന്റെ കുട്ടികൾ നന്നായി തന്നെ കളിച്ചു, അവരുടെ വിഷമം താനൊന്ന് അര മണിക്കൂർ സംസാരിച്ചാൽ മാറുമെന്ന് ശുഭാപ്തി വിശ്വാസത്തോടെ പറയുന്ന പോച്ചട്ടീനോ ഇന്ന് ലോകത്തെ മികവുറ്റ കോച്ചുമാരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നു. കളി തൊട്ടാൽ കളിക്കാരുടെ മേൽ പഴി ചാരി രക്ഷപ്പെടുന്ന സാരിയെ പോലുള്ളവർ കളിക്കുന്ന അതേ ഇ പി എല്ലിൽ തന്നെയാണ് ഇങ്ങനെയൊരു വ്യക്തിത്വം നിലകൊള്ളുന്നത്. അതു കൊണ്ട് തന്നെ കിരീടമൊന്നും ഈ സീസണിൽ നേടാനായില്ലെങ്കിലും കോച്ചുമാർക്കിടയിൽ ഒരൊറ്റയാനായി ഒരൊന്നൊന്നര താലപ്പൊക്കത്തോടെ തന്നെയാണ് ഇന്ന് ലോകഫുട്ബോളിൽ പോച്ചട്ടീനോ നിലകൊള്ളുന്നത്.