പ്രവചനാതീതമാണ് പാക്കിസ്ഥാൻ ടീം. അന്നും ഇന്നും എന്നും. ഏത് വലിയവനെയും തോൽപ്പിക്കും, എത്ര ചെറിയവനോടും തോൽക്കും. 2016 ലെ ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇംഗ്ലണ്ടിലേക്ക് പാക്ക് ടീം പ്ലെയിൻ കേറുമ്പോൾ കടുത്ത പാക്കിസ്ഥാൻ ആരാധകർ പോലും ചിന്തിച്ചു കാണില്ല അവർ കപ്പിൽ മുത്തമിടുമെന്ന്. പ്രാഥമിക ഘട്ടത്തിൽ ഇന്ത്യയോടേറ്റ ദയനീയ തോൽവി കൂടി ആയപ്പോൾ എല്ലാവരും അവരെ എഴുതി തള്ളി. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചു അവർ ഫൈനൽ വരെയെത്തി. ഇന്ത്യക്ക് എളുപ്പം ജയിക്കാൻ കഴിയുമെന്ന് പ്രമുഖരൊക്കെ പ്രവചിച്ച മത്സരത്തിൽ ഇന്ത്യയെ നിലംപരിശാക്കി അവർ കിരീടമുയർത്തി. ആ തലപൊക്കത്തിലാണ് അവർ ഇത്തവണയും ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയത്. 1992 ന് ശേഷം ലോക ചാമ്പ്യന്മാർ ആകുക എന്ന ലക്ഷ്യത്തോടെ.
എന്നാൽ കാര്യങ്ങളൊട്ടും ശുഭകരമായല്ല മുന്നോട്ട് പോകുന്നത്. തുടർച്ചയായ പതിനൊന്നാമത്തെ പരാജയമാണ് ഇന്ന് വെസ്റ്റ് ഇൻഡീസുകാരോട് ഏറ്റു വാങ്ങിയത്. അതും നാണം കെട്ട തോൽവി. ഈ ഫോം വച്ചു അവർ എവിടെയും എത്തുമെന്ന് വിശ്വസിക്കാനാകില്ല.
എന്താണ് പാകിസ്ഥാന്റെ പ്രശ്നം? ബാറ്റ്‌സ്മാന്മാർക്കിടയിൽ പ്രതിഭാധാരാളിത്തമാണ്. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ ഫൈനലിൽ തകർക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഫഖർ സമനും പാകിസ്ഥാന്റെ വിരാട് കോഹ്ലി എന്ന് ലോകം വാഴ്ത്തുന്ന ബാബർ അസമും പരിചയസമ്പന്നരായ ഹഫീസും ഇന്ത്യയുടെ മരുമകൻ ഷൊഹൈബ് മാലിക്കും എല്ലാമുണ്ട്. മുന്നിൽ നിന്ന് നയിക്കാൻ സർഫറാസും. ഇന്ത്യയിൽ ഇപ്പോൾ മഷി ഇട്ട് നോക്കിയാൽ കാണാത്ത കഴിവുറ്റ ഇടം കയ്യൻ ഫാസ്റ്റ് ബൗളർമാരുടെ ഒരു പട തന്നെ പാകിസ്ഥാനുണ്ട്. ഇംഗ്ലണ്ടിൽ ഏറ്റവും ഫലം കൊയ്യാൻ സാധിക്കുന്നതും അവർക്കാണ്. ആമിറും വഹാബ് റിയാസുമെല്ലാം മികവിലേക്കുയർന്നാൽ പിടിച്ചു കെട്ടുക എളുപ്പമല്ല, അതിനി എത്ര മികച്ച ബാറ്റ്‌സ്മാനായാലും.
ഇത്രയൊക്കെ ഉണ്ടായിട്ടും അവർ ദയനീയമായി പരാജയപ്പെടുന്നു
ടീമിന്റെ ഒത്തിണക്കമില്ലായ്മ തന്നെയാണ് അതിന്റെ മുഖ്യകാരണം. ഒരു ടീമെന്ന നിലയിൽ ഒരുമിച്ചു കൊണ്ട് പോകാൻ സർഫറാസിനെ കൊണ്ട് സാധിക്കുന്നില്ല. ഇത് വരെയുള്ള കളികൾ ബാറ്റ്‌സ്മാന്മാർ നന്നായി കളിച്ചപ്പോൾ ബൗളർമാരാണ് നിരാശപെടുത്തിയത്. എന്നാൽ ഇന്ന് സ്ഥിതി നേരെ തിരിച്ചായിരുന്നു. കേവലം 100 റൺസ് മാത്രമേ പ്രതിരോധിക്കാൻ ഉണ്ടായിട്ടുള്ളൂ എങ്കിൽ പോലും അവർ അവരുടെ കഴിവിന്റെ പരമാവധി മികച്ചു തന്നെ പന്തെറിഞ്ഞു. കളി കൈ വിട്ടത് ബാറ്റ്‌സ്മാന്മാരാണ്. ബാറ്റിങ്ങിന്റെ പറുദീസയായ ഇംഗ്ലണ്ടിലെ പിച്ചുകളിൽ ഇത്ര കുറച്ചു റൺ പ്രതിരോധിക്കാൻ ബുമ്രയും റാഷിദ് ഖാനും ഉൾപ്പെടെ ലോകത്തെ മികച്ച ബൗളർമാരെല്ലാം ഒരു ടീമിൽ വന്നു പന്തെറിഞ്ഞാലും ഏറെ കുറേ അസാധ്യമായ കാര്യമാണ്. അതു കൊണ്ട് ഇന്നത്തെ തോൽവി ബാറ്റ്‌സ്മാന്മാർ നേടി കൊടുത്തതാണ്.
ബദ്ധവൈരികളാണെങ്കിലും പാകിസ്ഥാന്റെ കളികൾ ആസ്വദിക്കുന്നവർ തന്നെയാണ് ഇന്ത്യക്കാർ. അതു കൊണ്ട് തന്നെ പാകിസ്ഥാന്റെ ഈ ദയനീയ പ്രകടനത്തിൽ യഥാർത്ഥ ക്രിക്കറ്റ് പ്രേമികളെല്ലാം സങ്കടപെടുന്നുണ്ടാകും. കളിയിൽ ജയവും തോൽവിയും സാധാരണയാണ്. നല്ല കളി കളിക്കുക എന്നതാണ് പ്രധാനം. ഇനിയുള്ള കളികളെങ്കിലും പാകിസ്താന് അതിനു സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം. അപ്രവചനീയത മുഖമുദ്രയാക്കിയ അവരിൽ നിന്നു അതു പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല.