പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി മുംബൈ ഇന്ത്യന്‍സ്, ഐപിഎല്‍ പോയിന്റ് പട്ടികയിലെ മറ്റു പ്രത്യേകതകള്‍ ഇങ്ങനെ

Sports Correspondent

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 9 വിക്കറ്റ് വിജയം നേടിയ മുംബൈ ഇന്ത്യന്‍സ് ഈ സീസണ്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായി അവസാനിക്കുകയായിരുന്നു. 18 പോയിന്റുമായി ചെന്നൈയ്ക്കും ഡല്‍ഹിയ്ക്കുമൊപ്പമാണെങ്കിലും റണ്‍റേറ്റിന്റെ ബലത്തിലാണ് മുംബൈ ഒന്നാമതെത്തിയത്. ചെന്നൈ രണ്ടാം സ്ഥാനത്തും ഡല്‍ഹി ക്യാപിറ്റല്‍സ് മൂന്നാം സ്ഥാനത്തുമാണ് സ്ഥിതി ചെയ്യുന്നത്. 9 വിജയവും അഞ്ച് തോല്‍വിയുമായി മൂന്ന് ടീമുകളാണ് ടൂര്‍ണ്ണമെന്റ് അവസാനിപ്പിച്ചത്.

കൊല്‍ക്കത്തയുടെ തോല്‍വി ടീമിന്റെ പുറത്തേക്കുള്ള വഴിയും സണ്‍റൈസേഴ്സിനു പ്ലേ ഓഫിലേക്കുള്ള അവസരവും തുറന്ന് കൊടുത്തപ്പോള്‍ മൂന്ന് ടീമുകളാണ് 12 പോയിന്റുമായി നാലാം സ്ഥാനത്തിനു വേണ്ടി പോരാടിയിരുന്നത്. ഇതില്‍ റണ്‍റേററ്റിന്റെ ആനുകൂല്യത്തിലാണ് സണ്‍റൈസേഴ്സ് പ്ലേ ഓഫ് ഉറപ്പാക്കിയത്. സണ്‍റൈസേഴ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, കിംഗ്സ് ഇലവന്‍ എന്നിവര്‍ക്ക് മൂന്ന് പേര്‍ക്കും 6 ജയവും എട്ട് പരാജയവുമാണ് സ്വന്തമാക്കുവാനായത്.

അതേ സമയം ഇതാദ്യമായാണ് ഐപിഎലില്‍ എല്ലാ ടീമുകളും പതിനൊന്നോ അതിലധികം പോയിന്റോ നേടുന്നത്. 5 വിജയവും 8 പരാജയവുമുള്ള രാജസ്ഥാന്‍ റോയല്‍സിനും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു ഒരു മത്സരം ഉപേക്ഷിക്കപ്പെട്ടതോടെയാണ് 11 പോയിന്റ് നേടാനായത്. ഏഴ് ജയങ്ങളില്ലെങ്കിലും പ്ലേ ഓഫ് ഉറപ്പിയ്ക്കുന്ന ആദ്യ ടീമെന്ന ബഹുമതി സണ്‍റൈസേഴ്സ് സ്വന്തമാക്കിയപ്പോള്‍ 9 ജയം ഉണ്ടായിട്ടും ആദ്യ രണ്ട് സ്ഥാനങ്ങള്‍ ഉറപ്പിക്കുവാന്‍ പറ്റാത്ത ആദ്യ ടീമായി ഡല്‍ഹി ക്യാപിറ്റല്‍സ് മാറി.