കേധാര്‍ ജാഥവിന്റെ ഐപിഎലിനു അവസാനം? താരത്തിന്റെ ലോകകപ്പ് സാധ്യത മങ്ങുമോ?

Sports Correspondent

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ് കേധാര്‍ ജാഥവ് ശേഷിക്കുന്ന ഐപിഎല്‍ സീസണില്‍ കളിച്ചേക്കില്ലെന്ന് അറിയുന്നു. ഇന്ന് ടൂര്‍ണ്ണമെന്റിന്റെ ചെന്നൈയുടെ അവസാന മത്സരത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. നാളെ നടത്തുന്ന സ്കാനിംഗിനു ശേഷമെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരികയുള്ളുവെങ്കിലും ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് പറഞ്ഞത് കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്നാണ്.

താരം വേദനയില്‍ പുളയുകയായിരുന്നുവെന്നാണ് ഫ്ലെമിംഗ് പറഞ്ഞത്. ഐപിഎലില്‍ ചെന്നൈയുടെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് താരം ലഭ്യമാകുകയില്ലെന്നാണ് ആദ്യം ലഭിയ്ക്കുന്ന വിവരം. തങ്ങള്‍ക്ക് വേണ്ടി കളിയ്ക്കാനായില്ലെങ്കിലും താരം ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിയ്ക്കാനുണ്ടാകുമെന്നാണ് തങ്ങളും പ്രതീക്ഷിക്കുന്നതെന്നാണ് സ്റ്റീഫന്‍ ഫ്ലെമിംഗ് പറഞ്ഞത്. നാളെ മാത്രമേ ശരിയായ അവലോകനം ഈ വിഷയത്തില്‍ ഉണ്ടാകുകയുള്ളുവെന്നും സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കി.

കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിംഗിനിടെ 14ാം ഓവറില്‍ ബൗണ്ടറി ലൈനില്‍ വെച്ചാണ് സംഭവം നടക്കുന്നത്.