ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് ജയം. വാട്ട്ഫോഡിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് മറികടന്നാണ് ചെൽസി ജയം സ്വന്തമാക്കിയത്. ഇതോടെ ഒരു കളി ബാക്കി നിൽക്കേ ചെൽസി 72 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. അവസാന കളിയിൽ വൻ അട്ടിമറി നടന്നില്ലെങ്കിൽ ചെൽസി ചാമ്പ്യൻസ് ലീഗ് കളിക്കുമെന്ന് ഉറപ്പായി.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ നടത്തിയ മിന്നും പ്രകടനമാണ് സാരിയുടെ നീല പടക്ക് ജയം സമ്മാനിച്ചത്. മത്സരത്തിൽ പത്താം മിനുട്ടിൽ എൻഗോളോ കാൻറെയെ പരിക്കേറ്റ് നഷ്ടമായെങ്കിലും അത് അവരുടെ പ്രകടനത്തിൽ ബാധിച്ചില്ല. രണ്ടാം പകുതിയിൽ ഈഡൻ ഹസാർഡിന്റെ അസിസ്റ്റിൽ ലോഫ്റ്റസ് ചീക് ആണ് ചെൽസിക്ക് ലീഡ് സമ്മാനിച്ചത്. പിന്നീട് ഹസാർഡിന്റെ തന്നെ അസിസ്റ്റിൽ ഡേവിഡ് ലൂയിസ് അവരുടെ ലീഡ് രണ്ടാക്കി. 75 ആം മിനുട്ടിൽ പെഡ്രോയുടെ ക്രോസിൽ നിന്ന് ഹിഗ്വെയ്ൻ അവരുടെ ഗോൾ നേട്ടം പൂർത്തിയായി. ചെൽസിയുടെ ജയത്തോടെ സ്പർസ്, യുണൈറ്റഡ് ടീമുകൾക്ക് അവസാന മത്സരം നിർണായകമായി.