ബാര്‍മി ആര്‍മിയോട് കൊമ്പ് കോര്‍ക്കരുതെന്ന് മുന്നറിയിപ്പ്, ജസ്റ്റിന്‍ ലാംഗറുടെ ഉപദേശം സ്മിത്തിനും വാര്‍ണര്‍ക്കും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്ന സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഇംഗ്ലണ്ടില്‍ ബാര്‍മി ആര്‍മിയുടെ ശകാരങ്ങളും അസഭ്യങ്ങളും കേള്‍ക്കേണ്ടി വരുമെന്നും എന്നാല്‍ താരങ്ങള്‍ സംയമനം പാലിക്കേണ്ടതുണ്ടെന്ന ഉപദേശവുമായി ടീം കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ലോകകപ്പും ആഷസുമായി ഇംഗ്ലണ്ടില്‍ കുറച്ചധിക കാലം ഓസ്ട്രേലിയയുണ്ടാകുമെന്നിരിക്കെയാണ് ഈ മുന്നറിയിപ്പ് ജസ്റ്റിന്‍ ലാംഗര്‍ പുറത്ത് വിടുന്നത്.

2002ല്‍ താന്‍ സമാനമായ സംഭവം മെല്‍ബേണ്‍ ടെസ്റ്റില്‍ നേരിട്ട അനുഭവത്തില്‍ നിന്നാണ് ജസ്റ്റിന്‍ ലാംഗര്‍ ഈ ഉപദേശം നല്‍കുന്നത്. താന്‍ മെല്‍ബേണില്‍ 250 റണ്‍സ് നേടിയ ശേഷം ബ്രെറ്റ് ലീയ്ക്ക് വേണ്ടി ബാര്‍മി ആര്‍മിയ്ക്കെതിരെ സംസാരിച്ചപ്പോളുള്ള അനുഭവമാണ് ലാംഗര്‍ പങ്കുവെച്ചത്. താന്‍ ഒരു പരാമര്‍ശമാണ് അവരെക്കുറിച്ച് നടത്തിയത്, 250 റണ്‍സ് നേടിയ ആവേശത്തില്‍ താന്‍ വിവ് റിച്ചാര്‍ഡ്സാണെന്ന് തോന്നി, എന്നാല്‍ ഇതിനു ശേഷം അവര്‍ സെവന്‍ ഡ്വാര്‍ഫ്സ് ഗാനം പാടുവാന്‍ ആരംഭിച്ചു. അതിനാല്‍ തന്നെ താന്‍ ഒരിക്കലും ബാര്‍മി ആര്‍മിയെ പ്രകോപിപ്പിക്കുവാന്‍ ശ്രമിക്കില്ലെന്നും ലാംഗര്‍ പറഞ്ഞു.

അന്നത്തെ സംഭവം തന്റെ കരിയറിലെ ഏറ്റവും വലിയ പാഠമായിരുന്നുവെന്നാണ് ലാംഗര്‍ പറയുന്നത്. ടീമിന്റെ വിഷമ ഘട്ടത്തില്‍ എന്നും ടീമിനൊപ്പം നിന്നവരാണെന്ന് പ്രശംസിക്കുവാനും ജസ്റ്റിന്‍ ലാംഗര്‍ മറന്നില്ല. ഞാന്‍ ഒരിക്കലും അവരുടെ സുഹൃത്തായിരിക്കില്ല എന്നാല്‍ അവരുമായി ഒരിക്കലും ഒരു പോരിനു മുതിരില്ല, കാരണം അവരുടെ ഗാനങ്ങളെല്ലാം തന്നെ അവഹേളിക്കുന്നതാണ്, ലാംഗര്‍ പറഞ്ഞു.