ഇന്ത്യൻ വനിതാ ലീഗിൽ പങ്കെടുക്കാനായി ഗോകുലം കേരള എഫ് സി ടീം ലുധിയാനയിൽ എത്തി. മെയ് 5ആം തീയതി ആണ് ഇന്ത്യൻ വനിതാ ലീഗ് ആരംഭിക്കുന്നത്. കഴിഞ്ഞ സീസണിൽ സെമി ഫൈനൽ യോഗ്യത നേടാൻ പറ്റാതിരുന്ന ഗോകുലം ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യം വെക്കുന്നത്. അത്രയും മികച്ച ടീമിനെ ഒരുക്കി കൊണ്ടാണ് ഗോകുലം കേരള എഫ് സി പഞ്ചാബിലേക്ക് യാത്രയായിരിക്കുന്നത്.ഇന്ത്യൻ സൂപ്പർ താരങ്ങളായ ദലീമ ചിബർ, സഞ്ജു, അഞ്ജു തുടങ്ങി ഒരു മിനി ഇന്ത്യൻ ടീം തന്നെയാണ് ഗോകുലം.
14 ടീമുകളാണ് ലീഗിൽ ഇത്തവണ ഏറ്റുമുട്ടുന്നത്. 7 ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളിൽ ആയാകും മത്സരം. തുടർച്ചയായ രണ്ടാം തവണയാണ് ഗോകുലം കേരള എഫ് സി വനിതാ ലീഗിൽ മത്സരിക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഗോകുലം കേരള എഫ് സി ഉള്ളത്. നിലവിലെ ചാമ്പ്യന്മാരായ റൈസുംഗ് സ്റ്റുഡന്റ്സ് ഉൾപ്പെടെയുള്ള ശക്തരായ ക്ലബുകൾ ഗ്രൂപ്പ് എയിൽ ഉണ്ട്.
കേരളത്തിൽ നിന്നുള്ള ഏക ക്ലബ് എന്നതിനപ്പുറം ഇന്ത്യയിലെ ദേശീയ ലീഗുകളായ ഐ ലീഗിൽ നിന്നും ഐ എസ് എല്ലിൽ നിന്നുമുള്ള ക്ലബുകളെ പ്രതിനിധീകരിക്കുന്ന ഏക ടീമും കൂടിയാണ് ഗോകുലം കേരള എഫ് സി. ഐ ലീഗിലെയോ ഐ എസ് എല്ലിലെയോ മറ്റൊരു ക്ലബിനും ഒരു നല്ല വനിതാ ടീമിനെ ഒരുക്കാനോ വനിതാ ലീഗിന് അയക്കാനോ സാധിച്ചില്ല. എഫ് സി ഗോവ, പൂനെ സിറ്റി എന്നിവർക്ക് വനിതാ ടീം ഉണ്ടെങ്കിലും ഇന്ത്യൻ വനിതാ ലീഗിൽ കളിക്കാനുള്ള ടീം ഒരുക്കാൻ അവർക്ക് ഒന്നും ആയില്ല. കഴിഞ്ഞ തവണത്തെ ഫൈനൽ റൗണ്ടിലും ഗോകുലം മാത്രമേ ദേശീയ ലീഗുകളെ പ്രതിനിധീകരിച്ച് ഉണ്ടായിരുന്നുള്ളൂ.