ചാമ്പ്യൻസ് ലീഗിൽ ഇന്ന് ആവേശ പോരാട്ടമാണ്. ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദം. ക്യാമ്പ്നൂവിൽ നടക്കുന്ന പോരാട്ടത്തിൽ ബാഴ്സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടുമ്പോൾ കൂടുതൽ മുൻതൂക്കം എല്ലാവരും കൽപ്പിക്കുന്നത് ബാഴ്സലോണക്ക് തന്നെ. ആദ്യ പാദത്തിൽ ഓൾഡ്ട്രാഫോർഡിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 1-0ന് തോൽപ്പിക്കാൻ ബാഴ്സലോണക്ക് ആയിരുന്നു.
ആദ്യ പാദത്തിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു ബാഴ്സലോണ വിജയിച്ചത്. വിജയിച്ചെങ്കിലും ബാഴ്സലോണയുടെ പതിവ് ആധിപത്യവും നല്ല ഫുട്ബോളും കളിക്കാൻ ബാഴ്സലോണക്ക് ആദ്യ പാദത്തിൽ ആയിരുന്നില്ല. ആ പരാതി കൂടെ തീർത്ത് സെമിയിൽ എത്തുക ആയിരിക്കും ബാഴ്സലോണയുടെ ലക്ഷ്യം. പരിക്ക് മാറി എത്തുന്ന ഡെംബലെയും ഇന്ന് ബാഴ്സലോണ നിരയിൽ ഉണ്ടാകും.
മറുവശത്ത് പി എസ് ജിക്ക് എതിരെ നടത്തിയ പോലൊരു തിരിച്ചുവരവാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വപ്നം കാണുന്നത്. പി എസ് ജിക്ക് എതിരെ പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ 2-0ന് തോറ്റ യുണൈറ്റഡ് രണ്ടാം പാദത്തിൽ വിജയിച്ച് റെക്കോർഡ് ഇട്ടിരുന്നു. എന്നാൽ പി എസ് ജിയേക്കാൾ കടുപ്പമായിരിക്കും ബാഴ്സലോണ എന്ന് ഒലെയ്ക്കും സംഘത്തിനും ബോധ്യമുണ്ടാകും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമീപ കാലത്തെ മോശം ഫോമും യുണൈറ്റഡിൽ ഉള്ള പ്രതീക്ഷകൾ കുറക്കുന്നു.