ഇഴഞ്ഞ് നീങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്നിംഗ്സിനെ മാന്യമായ സ്കോറിലേക്ക് എത്തിച്ച് മോയിന്‍ അലി. ഒരു ഘട്ടത്തില്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു ബാംഗ്ലൂരിനെ തുണച്ചത് മോയിന്‍ അലിയും അവസാന ഓവറുകളില്‍ 12 പന്തില്‍ നിന്ന് 19 റണ്‍സ് നേടിയ അക്ഷദീപ് നാഥിന്റെയും പ്രകടനങ്ങളാണ്. വിരാട് കോഹ്ലി അവസാന ഓവറുകളില്‍ രണ്ട് സിക്സോടു കൂടി ബാംഗ്ലൂരിനെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് കരുതിയെങ്കിലും റബാഡ താരത്തെ വീഴുത്തുകയായിരുന്നു. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്.
മോയിന്‍ അലി ക്രീസിലെത്തി 18 പന്തില്‍ നിന്ന് 32 റണ്‍സ് നേടി പുറത്താകുമ്പോള്‍ ബാംഗ്ലൂരിന്റെ സ്കോര്‍ 100 കടന്നിരുന്നു. നേരത്തെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ടോവറില്‍ 16 റണ്‍സ് നേടിയെങ്കിലും പാര്‍ത്ഥിവ് പട്ടേല്‍(9) രണ്ടാം ഓവറിന്റെ അവസാന പന്തില്‍ പുറത്തായി.
എബി ഡി വില്ലിയേഴ്സ് ക്രീസിലെത്തിയ ശേഷവും വിരാടിനും എബിഡിയ്ക്ക് സ്കോറിംഗ് വേഗത്തിലാക്കുവാന്‍ സാധിച്ചില്ല. പവര്‍പ്ലേ അവസാനിക്കുന്നതിനു തൊട്ട് മുമ്പ് 17 റണ്‍സ് നേടിയ എബിഡിയെ റബാഡ പുറത്താക്കിയതോടെ ബാംഗ്ലൂരിന്റെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി. സ്റ്റോയിനിസും വന്ന് വേഗത്തില്‍ പുറത്തായപ്പോള്‍ 10.4 ഓവറില്‍ 66/3 എന്ന നിലയിലേക്ക് ബാംഗ്ലൂര്‍ വീണു. 15 റണ്‍സാണ് ഓസ്ട്രേലിയന്‍ താരം നേടിയത്.
ഈ സമയമെല്ലാം തന്റെ പതിവു ശൈലിയില്‍ ബാറ്റ് വീശാനാകാതെ ബുദ്ധിമുട്ടുന്ന വിരാട് കോഹ്ലിയെയാണ് കാണുവാന്‍ സാധിച്ചത്. എന്നാല്‍ ബാംഗ്ലൂരിനു ആശ്വാസമായി മോയിന്‍ അലിയുടെ വെടിക്കെട്ട് വരികയായിരുന്നു. സന്ദീപ് ലാമിച്ചാനെയെ വീണ്ടുമൊരു സിക്സ് പായിക്കുവാനുള്ള ശ്രമത്തിനിടെ സ്റ്റംപ് ചെയ്ത് പുറത്താകുമ്പോള്‍ മൂന്ന് സിക്സ് തന്റെ ഇന്നിംഗ്സില്‍ മോയിന്‍ നേടിയിരുന്നു.
മോയിന്‍ പുറത്തായ ശേഷം അക്ഷ്ദീപ് നാഥ് ക്രീസിലെത്തി ബൗണ്ടറികള്‍ നേടി സ്കോറിംഗ് വേഗത നിലനിര്‍ത്തിയെന്ന് ഉറപ്പാക്കുന്നതാണ് കണ്ടത്. ഇന്നിംഗ്സിന്റെ 17ാം ഓവറില്‍ സന്ദീപ് ലാമിച്ചാനെയെ രണ്ട് സിക്സര്‍ പറത്തി കോഹ്ലി തന്റെ പതിവു ശൈലിയിലേക്ക് ഗിയര്‍ മാറുമെന്ന് കരുതിയെങ്കിലും അടുത്ത ഓവറില്‍ കാഗിസോ റബാഡയ്ക്ക് ഇരയായി മടങ്ങി. കോഹ്ലി 33 പന്തില്‍ നിന്നാണ് 41 റണ്‍സ് നേടി പുറത്തായത്. ഒരു ബൗണ്ടറിയും രണ്ട് സിക്സുമായിരുന്നു ഇന്നിംഗ്സില്‍. ബാംഗ്ലൂരിന്റെ രണ്ട് വമ്പന്‍ താരങ്ങളെയും കാഗിസോ റബാഡയാണ് പുറത്താക്കിയത്.
അതേ ഓവറില്‍ തന്നെ അക്ഷ്ദീപ് നാഥിനെയും പവന് നേഗിയെയും പുറത്താക്കി റബാഡ ഓവറിലെ തന്റെ മൂന്നാം വിക്കറ്റും മത്സരത്തിലെ നാലാം വിക്കറ്റും നേടി. അവസാന നാലോവറില്‍ നിന്ന് 35 റണ്‍സ് നേടിയതാണ് ബാംഗ്ലൂരിനു തുണയായത്.
കാഗിസോ റബാഡ നാലും ക്രിസ് മോറിസ് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ലാമിച്ചാനെയും അക്സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതം നേടി.