കോഹ്ലി എന്ന കളിക്കാരന്റെ നിശ്ചയദാർഢ്യത്തെ പറ്റിയോ കഴിവിനെ പറ്റിയോ കഠിനാധ്വാനത്തെ പറ്റിയോ ഈ ലോകത്ത് ആർക്കും എതിരഭിപ്രായം കാണില്ല. ഒരു ബാറ്റ്സ്മാന് നേടിയെടുക്കാൻ കഴിയുന്ന റെക്കോർഡുകൾ എല്ലാം ഓരോന്നോരാന്നായി വേട്ടയാടി കൊണ്ടിരിക്കുകയാണ് അദ്ദേഹം. ആരും അടുത്ത് പോലും എത്തില്ല എന്ന് ചിന്തിച്ചിരുന്ന സച്ചിന്റെ 49 ഏകദിന സെഞ്ചുറികളുടെ സിംഹാസനത്തിൽ അമർന്നിരിക്കാൻ കോഹ്ലി അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ ഫോം വച്ചു ഈ വർഷമല്ലെങ്കിൽ അടുത്ത വർഷം പകുതി ആവുമ്പോഴെക്കെങ്കിലും ക്രിക്കറ്റ് ദൈവത്തെ വിരാട് മറികടന്നിരിക്കും.
എന്നാൽ കോഹ്ലിയുടെ ക്യാപ്റ്റൻസി എന്നും വിമർശനത്തിനിരയായി കൊണ്ടിരിക്കുന്നു. അണ്ടർ 19 ലോകകപ്പ് ഇന്ത്യക്ക് നേടി തന്നു എന്നതല്ലാതെ കോഹ്ലി എന്ന നായകന് കീഴിൽ ഒരു ടീമും ഒരു കിരീടവും നേടിയിട്ടില്ല. 2016 ൽ ബാംഗ്ലൂർ ഐ പി എൽ ഫൈനലിൽ എത്തിയതും 2017 ലെ ചാമ്പ്യൻസ് ട്രോഫി കലാശപോരാട്ടത്തിനു ഇന്ത്യക്ക് യോഗ്യത നേടി കൊടുത്തതും ആണ് മറ്റു പ്രധാന നേട്ടങ്ങൾ.
ധോണി ടെസ്റ്റിൽ നിന്ന് വിരമിക്കുമ്പോൾ ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യയെ ഒന്നാം നമ്പറിലെത്തിച്ചതും എസ്.ഇ. എൻ. എ രാജ്യങ്ങളിൽ പോയി മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു ഒന്നാം നമ്പർ സ്ഥാനം ഇപ്പോഴും നിലനിർത്തുന്നു എന്നതും ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളാണ്.
അവിടെയെല്ലാം ടീമിനെ എല്ലാ രീതിയിലും മുന്നിൽ നിന്ന് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
എന്നാൽ അത് പോലെയല്ല പരിമിത ഓവർ മത്സരങ്ങളുടെ സ്ഥിതി. അഞ്ച് ദിവസം നീണ്ടു നിൽക്കുന്നതായത് കൊണ്ട് ടെസ്റ്റിൽ ചടുലമായ തീരുമാനങ്ങൾ സാഹചര്യത്തിനനുസരിച്ച് കൈക്കൊള്ളേണ്ട അവസ്ഥകൾ കുറവാണ്. വലിയ പരീക്ഷണങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയും ഇല്ല. എന്നാൽ അതല്ല പരിമിത ഓവർ മത്സരങ്ങളുടെ അവസ്ഥ. ഓരോ ഓവറും എന്തിന്, ഓരോ പന്തും വരെ കളിയുടെ ഗതിയെ തന്നെ മാറ്റിമറിക്കുമെന്നിരിക്കെ ഫീൽഡിൽ പൊടുന്നനെ തീരുമാനങ്ങൾ എടുക്കുക, അതെല്ലാം ടീമിന് ഗുണം നൽകുന്ന രീതിക്കാകുക എന്നത് ഒരു ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ്.
കോഹ്ലിയുടെ ന്യൂനതകളും അവിടെ തന്നെയാണ്. കളി വായിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. അപ്പോൾ ടീമിന് മുന്നിൽ രൂപം കൊള്ളുന്ന സമസ്യയെ എങ്ങനെ മറികടക്കാം എന്നത് കോഹ്ലിക്ക് മുന്നിൽ എപ്പോഴും ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു.
ടീമിനെ മുന്നിൽ നിന്ന് നയിക്കുകയെന്നാൽ ബാറ്റ് കൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കുക എന്ന് മാത്രമല്ല അർത്ഥം. മറിച്ച് ഫീൽഡിൽ അദ്ദേഹം കൈക്കൊള്ളുന്ന തീരുമാനങ്ങൾ കൂടെയാണ് ഒരു നല്ല നായകന് രൂപം നൽകുന്നത്. സമ്മർദ്ദഘട്ടങ്ങളിൽ ബൗളർക്കൊപ്പം നിന്ന് ആത്മവിശ്വാസമേകി തന്റെ അനുഭവസമ്പത്തിലൂടെ അടുത്ത പന്ത് ഏത് രീതിയിൽ എറിയണം എന്ന് ഉപദേശിക്കാനും എതിരെ നിൽക്കുന്ന കളിക്കാരന്റെ ശക്തിയെന്താണെന്നും ദൗര്ബല്യമെന്താണെന്നും തിരിച്ചറിഞ്ഞു അതിനനുസരിച്ചു ഫീൽഡിൽ മാറ്റങ്ങൾ കൊണ്ട് വരാനും കഴിയുന്നിടത്താണ് ഒരു നായകൻ ഉദയം ചെയ്യുന്നത്.
എന്നാൽ കോഹ്ലിയെ സംബന്ധിച്ചിടത്തോളം ഫീൽഡിലെ സമ്മർദ്ദഘട്ടങ്ങളിൽ മറ്റാരേക്കാളും വേഗത്തിൽ വീണു പോകുന്നത് അദ്ദേഹം തന്നെയാണ്. ഇന്നലെ നടന്ന കളി തന്നെയാണ് അതിനുദാഹരണം. 17 ആം ഓവറിൽ രണ്ടാം ബീമർ എറിഞ്ഞ സിറാജിനെ പിൻവലിക്കാൻ നിര്ബന്ധിതനായ അദ്ദേഹം പിന്നീട് ആശയറ്റവനെ പോലെയാണ് കാണപ്പെട്ടത്. അതിന്റെ ബാക്കിപത്രമായിരുന്നു റസ്സലിന്റെ വിസ്ഫോടനം.
ക്യാപ്റ്റനായി ആദ്യ സീസണിൽ എളുപ്പം ജയിക്കാവുന്ന കളിയെ അമിതാത്മവിശ്വാസം കാണിച്ചു സ്വയം പന്തെറിഞ്ഞു ടീമിനെ തോൽവിയിലേക്ക് തള്ളിയിട്ട ക്യാപ്റ്റനിൽ നിന്ന് ഇന്നലെ വരെ ഉള്ള ക്യാപ്റ്റൻ കോഹ്ലി ഒന്നും തന്നെ പഠിച്ചിട്ടില്ല എന്ന് വേണം മനസിലാക്കാൻ. ബാറ്റിങ്ങിൽ പിഴവുകൾ വരുത്തുമ്പോൾ അതിവേഗം അത് തിരുത്താൻ അദ്ദേഹം കാണിക്കുന്ന മനഃസാന്നിധ്യം ഇവിടെ കാണാനാകുന്നില്ല.
പേസർമാരെ അപേക്ഷിച്ചു സ്പിന്നർമാർക്ക് കൂടുതൽ ആനുകൂല്യം ലഭിച്ച പിച്ചിൽ, നേഗിയെ പോലെ ഒരു പാർട്ട് ടൈം ബൗളർക്ക് പോലും 4 ഡിഗ്രിക്ക് മുകളിൽ പന്തിനെ ടേൺ ചെയ്യിക്കാൻ സാധിച്ച പിച്ചിൽ ഇംഗ്ലണ്ടിന്റെ സ്റ്റാർ സ്പിന്നറായ മുഈൻ അലിക്ക് ഒരു ഓവർ പോലും കൊടുക്കാൻ അദ്ദേഹം തയ്യാറായില്ല എന്നത് ആരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ഇംഗ്ലണ്ടിലെ പേസ് പിച്ചുകളിൽ പോലും ബാറ്റ്സ്മാന് ഭീഷണി ഉയർത്തുന്ന അലിയെ പോലൊരാളുടെ ഒന്നോ രണ്ടോ ഓവറുകൾ പോലും ഒരു പക്ഷെ ഇന്നലത്തെ കളിയുടെ ഫലത്തെ മാറ്റിമറിച്ചേനെ.മറ്റുള്ളവരെല്ലാം ഭേദപ്പെട്ടെറിഞ്ഞിട്ടും ആദ്യ ഓവറിൽ തന്നെ കണക്കിന് തല്ലു വാങ്ങിയ സിറാജിനെ വീണ്ടും ഒരു ഓവർ എറിയാൻ വിളിച്ച നേരത്ത് അലിക്ക് ഒരു ഓവർ കൊടുത്തു നോക്കാമെന്നു ഏതൊരു നായകനും ചിന്തിക്കുന്ന പോലെ, എന്തിന് കളി കണ്ടുകൊണ്ടിരിക്കുന്നവർക്ക് വരെ തോന്നിയിരിക്കാവുന്ന ഒരു കാര്യം പക്ഷെ അദ്ദേഹത്തിന് മാത്രം തോന്നിയില്ല. നേഗിയെയും ചാഹലിനെയും നേരിടാൻ കൊൽക്കത്ത പണിപ്പെടുന്നത് കണ്ടാലെങ്കിലും അലിയെ പന്ത് ഏൽപ്പിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. തന്റെ രണ്ടാം ഓവറിൽ സിറാജ് കൊടുത്ത റൺ ഇല്ലായിരുന്നെങ്കിൽ റസ്സലാട്ടത്തിലും പിടിച്ച് നിൽക്കാൻ ബാംഗ്ലൂരിന് കഴിയുമായിരുന്നു. അത്തരത്തിൽ നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനും മുകളിലുള്ള തെറ്റുകളാണ് അദ്ദേഹത്തിൽ നിന്ന് സംഭവിക്കുന്നത്.
ലോകഫുട്ബോളിൽ അർജന്റീന പോലെ, ഐ. എസ്. എല്ലിൽ ബ്ലാസ്റ്റേഴ്സ് പോലെ ഐ. പി. എല്ലിലെ ഏറ്റവും ഭാഗ്യമില്ലാത്ത ടീമായി ബാംഗ്ലൂർ മാറിയിട്ടുണ്ടെങ്കിൽ സന്തുലിതമായ ടീമിനെ വാർത്തെടുക്കാൻ ശ്രമിക്കാത്ത ടീം മാനേജ്മെന്റിനൊപ്പം തന്നെ കുറ്റക്കാരനാണ് കോഹ്ലിയും. ഒരു വർഷവും ഒരു വിന്നിങ് കോമ്പിനേഷൻ കണ്ടെത്താൻ കോഹ്ലി പാടുപെട്ടുകൊണ്ടേയിരിക്കുന്നു. എല്ലാ കളികളിലും പലരെയും മാറ്റി പരീക്ഷിക്കുന്നത് തന്നെ ടീമിന് ദോഷം ചെയ്യുന്നുണ്ട്. ഈ വർഷവും ഒരു വിജയം നേടാനാകാതെ കിതക്കുകയാണ് ആർ. സി. ബി. ജയിക്കാവുന്ന കളികളിൽ പലതും കണ്മുന്നിൽ നിന്ന് എതിരാളികൾ റാഞ്ചി കൊണ്ട് പോകുമ്പോൾ വെറും കാഴ്ചക്കാരനായി നോക്കി നിൽക്കുന്ന കോഹ്ലി ഒരിക്കലും ഒരു നല്ല നായകനല്ല. ഇന്ത്യൻ ടീമിൽ ധോനിയെ പോലുള്ള ഒരാളുടെ ഉപദേശങ്ങൾ കൊണ്ട് വിജയങ്ങൾ നേടാകുന്നുണ്ടെങ്കിലും ക്ലബ്ബിൽ അത് പോലെ ഉപദേശങ്ങൾ നൽകാൻ ആരുമില്ല എന്നത് കോഹ്ലിയെ അസ്ത്രപ്രജ്ഞനാക്കുന്നു.
മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്റെ പിൻഗാമി എന്നാണ് വിരാടിന്റെ കളി കണ്ട പലരും പുകഴ്ത്തുന്നത്. ക്യാപ്റ്റൻ സ്ഥാനം തനിക്ക് ചേരില്ല എന്ന് മുൻപേ തെളിയിച്ചിട്ടുള്ള സച്ചിനെ ആ കാര്യത്തിലും പിന്തുടരുക തന്നെയാണ് കോഹ്ലി ചെയ്യുന്നത്. തോൽവിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണ് കോഹ്ലി ഇപ്പോൾ ചെയ്യേണ്ടത്. കാരണം ഇനിയും തോൽവികൾ തുടർന്നാൽ, അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുക എന്ന തീരുമാനത്തിലേക്ക് ബാംഗ്ലൂർ മാനേജ്മെന്റിനെ അത് കൊണ്ടെത്തിക്കും. ഇന്ത്യക്ക് ലോകകപ്പ് തിരികെ സമ്മാനിക്കാൻ പോകുന്ന നായകനെന്ന് 130 കോടി ജനത വിശ്വസിക്കുന്ന ഒരാൾക്ക് ലോകകപ്പ് ആസന്നമായിരിക്കുന്ന ഈ വേളയിൽ അങ്ങനെ ഒരു തിരിച്ചടി നേരിട്ടാൽ അത് ഹൃദയഭേദകമായിരിക്കും.