ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 170 റണ്‍സ് നേടി മുംബൈ ഇന്ത്യന്‍സ്. വാങ്കഡേയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് വേണ്ടി സൂര്യകുമാര്‍ യാദവും ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്നാണ് മുംബൈയെ നൂറ് കടത്തിയത്. തുടര്‍ന്ന് അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും കീറണ്‍ പൊള്ളാര്‍ഡും അടിച്ച് തകര്‍ത്തപ്പോള്‍ മുംബൈ മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു.
50/3 എന്ന നിലയിലേക്ക് വീണ ശേഷമാണ് മുംബൈയുടെ തിരിച്ചുവരവ്. ക്വിന്റണ്‍ ഡി കോക്ക്(4), രോഹിത് ശര്‍മ്മ(13), യുവരാജ് സിംഗ്(4) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈയ്ക്ക് നഷ്ടമായത്.
മോഹിത് ശര്‍മ്മ എറിഞ്ഞ 17ാം ഓവറില്‍ രണ്ട് ഫോറുകള്‍ നേടിയ ശേഷം ക്രുണാല്‍ പാണ്ഡ്യ അടുത്ത പന്തില്‍ ജഡേജയ്ക്ക് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ താരം 32 പന്തില്‍ നിന്ന് 42 റണ്‍സാണ് നേടിയത്. അടുത്ത ഓവറില്‍ ഡ്വെയിന്‍ ബ്രാവോ സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റും വീഴ്ത്തി. 43 പന്തില്‍ നിന്നാണ് സൂര്യകുമാര്‍ യാദവ് 59 റണ്‍സ് നേടിയത്.
16 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 103/3 എന്ന നിലയിലായിരുന്നു മുംബൈയ്ക്ക് അവസാന നാലോവറില്‍ നിന്ന് 67 റണ്‍സാണ് നേടാനായത്. ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ നിന്ന് 29 റണ്‍സാണ് ഹാര്‍ദ്ദിക് പാണ്ഡ്യയും കീറണ്‍ പൊള്ളാര്‍ഡും ചേര്‍ന്ന് നേടിയത്.
അവസാന രണ്ടോവറില്‍ നിന്ന് 45 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. 13 പന്തില്‍ നിന്ന് 45 റണ്‍സാണ് പൊള്ളാര്‍ഡും ഹാര്‍ദ്ദിക് പാണ്ഡ്യും ചേര്‍ന്ന് നേടിയത്. പാണ്ഡ്യ 8 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയപ്പോള്‍ കീറണ്‍ പൊള്ളാര്‍ഡ് 7 പന്തില്‍ 17 റണ്‍സ് നേടി. ഹാര്‍ദ്ദിക് മൂന്നും പൊള്ളാര്‍ഡ് രണ്ടും സിക്സാണ് മത്സരത്തില്‍ നിന്ന് നേടിയത്.