ഇന്ത്യൻ പ്രീമിയർ ലീഗിൽ ചരിത്രമെഴുതി ഇന്ത്യൻ യുവതാരം. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി അരങ്ങേറ്റം നടത്തിയ പ്രയാസ് റേ ബർമ്മൻ ആണ് ഇന്ന് ചരിത്രമെഴുതിയത്. ഐപിഎല്ലിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിമാറിയിരിക്കുകയാണ് പ്രയാസ്. ഇന്ന് ബാംഗ്ലൂരിന് വേണ്ടി കളിക്കുമ്പോൾ 16 വര്‍ഷവും, 157 ദിവസവുമാണ് പ്രയാസിന്റെ പ്രായം.
അഫ്ഗാൻ സ്പിന്നർ മുജീബ് ഉർ റഹ്മാന്റെ ഐപിഎൽ റെക്കോർഡാണ് പ്രയാസ് മറികടന്നത്. 17 വർഷവും 11 ദിവസവും ആയിരുന്നു കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോൾ മുജീബിന്റെ പ്രായം. ഐപിഎൽ ലേലത്തിൽ വമ്ബൻ പോരാട്ടത്തിനൊടുവിലാണ് പ്രയാസിനെ ബാംഗ്ലൂർ സ്വന്തമാക്കിയത്. ഒന്നരക്കോടി നൽകിയാണ് നവദീപ് സേനയ്ക്ക് പകരം ലെഗ് സ്പിന്നറായ പ്രയാസിനെ ആർസിബി ടീമിലെത്തിച്ചത്. അരങ്ങേറ്റ സീസണിൽ തന്നെ വിജയ് ഹസാരെ ട്രോഫിയിൽ ബംഗാളിന്റെ ടോപ്പ് വിക്കറ്റ് ടേക്കറായിരുന്നു പ്രയാസ് റേ ബർമ്മൻ