2006ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ഇന്ത്യയുടെ വിആര്‍വി സിംഗ് താന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിയ്ക്കുകയാണെന്ന് വ്യക്തമാക്കി. വിന്‍ഡീസിനെതിരെ അരങ്ങേറ്റം നടത്തിയ താരം ഇന്ത്യയ്ക്കായി ടെസ്റ്റില്‍ 5 മത്സരങ്ങള്‍ കളിച്ചിരുന്നു. ഇവയില്‍ നിന്ന് 8 വിക്കറ്റാണ് താരം നേടിയിട്ടുള്ളത്. ഏകദിനത്തിലും രണ്ട് മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി താരം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ കളിച്ചുവെങ്കിലും അവയില്‍ നിന്ന് വിക്കറ്റ് ഒന്നും നേടാനായില്ല. നിരന്തരമായി അലട്ടിയിരുന്ന പരിക്കുകള്‍ താരത്തിനു അന്താരാഷ്ട്ര ക്രിക്കറ്റിലോ ആഭ്യന്തര ക്രിക്കറ്റിലോ സജീവമാകുന്നതിനു തടസ്സമാകുകയായിരുന്നു
2003ല്‍ ഏഷ്യ കപ്പ് ജയിച്ച ഇന്ത്യ അണ്ടര്‍ 19 ടീമിലും താരം അംഗമായിരുന്നു. 2014ല്‍ പഞ്ചാബിനു വേണ്ടി രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു & കാശ്മീരിനെതിരെ കളിച്ചതാണ് താരത്തിന്റെ അവസാന മത്സരം. മത്സരത്തില്‍ താരം അഞ്ച് വിക്കറ്റ് നേടിയിരുന്നു.
ഐപിഎല്‍ ആദ്യ മൂന്ന് സീസണില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ സ്ക്വാഡിന്റെ ഭാഗവുമായിരുന്നു ഈ പഞ്ചാബ് താരം. പഞ്ചാബിനു വേണ്ടി 29 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്നായി 121 വിക്കറ്റാണ് വിആര്‍വി സിംഗ് നേടിയിട്ടുള്ളത്.