സഹലും രാഹുലും ഇന്ത്യയും ഇന്ന് ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെതിരെ

Newsroom

അണ്ടർ 23 എ എഫ് സി ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ മത്സരങ്ങൾക്കായി ഒരുങ്ങുന്ന ഇന്ത്യ ഇന്ന് ഖത്തറിനെ നേരിടും. ഇന്ന് ആസ്പൈർ അക്കാദമി ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ശക്തരായ ടീമുമായി ആകും ഖത്തർ ഇറങ്ങുക. ഏഷ്യൻ കപ്പിൽ ഇറങ്ങിയ താരങ്ങൾ ഉൾപ്പെടുന്ന ടീമാണ് ഖത്തറിന്റെ അണ്ടർ 23 ടീം. ഏഷ്യൻ കപ്പിൽ ചാമ്പ്യന്മാരായ ഖത്തർ 2022 ലോകകപ്പ് മുന്നിൽ കണ്ടു കൊണ്ട് മികച്ച താരങ്ങളെ തന്നെയാണ് അണ്ടർ 23 ടീമിൽ വളർത്തിക്കൊണ്ട് വരുന്നത്.

ഖത്തറിനെതിരായ മത്സരം ഇന്ത്യയുടെ പുരോഗതി വ്യക്തമാക്കുമെന്ന് പരിശീലകൻ ഡെറിക് പെരേര പറഞ്ഞു. ഇന്ത്യൻ പരിശീലകനായ ശേഷം ഡെറിക് പെരേരയുടെ ആദ്യ ചുമതലയാണ് ഇന്നത്തെ മത്സരം. ഐ ലീഗ് ഐ എസ് എൽ മത്സരങ്ങൾ ഉണ്ടായതിനാൽ പല താരങ്ങളെയും ഇന്ത്യയിൽ തന്നെ നിർത്തിയാണ് ഇന്ത്യ ഖത്തറിനെതിരെ കളിക്കാൻ എത്തിയിരിക്കുന്നത്.

മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും രാഹുൽ കെപിയും ടീമിനൊപ്പം ഉണ്ട്. ഇരുവരും ആദ്യ ഇലവനിൽ തന്നെ ഇടം പിടിക്കുമെന്നാണ് കരുതുന്നത്. സഹലിന്റെ ഇന്ത്യൻ ജേഴ്സിയിലെ അരങ്ങേറ്റമാകും ഇത്. രാഹുൽ മുമ്പ് അണ്ടർ 19, അണ്ടർ 17 ഇന്ത്യൻ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. രാത്രി 9.30നാണ് മത്സരം. തത്സമയം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഫേസ്ബുക്കിൽ മത്സരം കാണാം.