ആ തീരൂമാനം മത്സരം മാറ്റി മറിച്ചു, ഡിആര്‍എസില്‍ അതൃപ്തി – കോഹ്‍ലി

Sports Correspondent

ആഷ്ടണ്‍ ടര്‍ണര്‍ക്കെതിരെയുള്ള ഡിആര്‍എസ് തീരുമാനത്തില്‍ തനിക്ക് വലിയ അതൃപ്തിയുണ്ടെന്ന് അറിയിച്ച് വിരാട് കോഹ്‍ലി. ഡിആര്‍എസില്‍ അസ്ഥിരമായ തീരുമാനങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നതെന്നാണ് മൊഹാലിയിലെ ഇന്ത്യയുടെ ഞെട്ടിക്കുന്ന തോല്‍വിയ്ക്ക് ശേഷം വിരാട് കോഹ്‍ലി പ്രതികരിച്ചത്. മത്സരത്തിലെ നിര്‍ണ്ണായക നിമിഷത്തിലെ ആ തീരുമാനം ഞങ്ങള്‍ക്ക് അതിശയമുളവാക്കുന്നതായിരുന്നുവെന്നും കോഹ്‍ലി പറഞ്ഞു.

ആഷ്ടണ്‍ ടര്‍ണര്‍ 41 റണ്‍സുമായി നില്‍ക്കുമ്പോളാണ് മത്സരത്തിന്റെ 44ാം ഓവറില്‍ ഋഷഭ് പന്ത് ടര്‍ണര്‍ക്കെതിരെ ക്യാച്ചിനുള്ള ഡിആര്‍എസ് റഫറല്‍ ഉപയോഗിച്ചുവെങ്കിലും ആവശ്യത്തിനു തെളിവില്ലാത്തതിനാല്‍ തേര്‍ഡ് അംപയര്‍ നിരാകരിക്കുകയായിരുന്നു. സ്നിക്കോമീറ്ററില്‍ ചെറിയ വ്യത്യാസം കാണപ്പെട്ടുവെങ്കിലും അത് പന്ത് ബാറ്റ്സ്മാനിലേക്ക് എത്തുമ്പോള്‍ പ്രകടമായി കണ്ടതാണ് അമ്പയര്‍മാരെ സംശയത്തിലാക്കിയത്.

എന്നാല്‍ താന്‍ ബോള്‍ നിക് ചെയ്തില്ലെന്ന് ഉറപ്പായിരുന്നുവെന്നാണ് ആഷ്ടണ്‍ ടര്‍ണര്‍ മത്സര ശേഷമുള്ള സമ്മാനദാന ചടങ്ങില്‍ പറഞ്ഞത്. 43 റണ്‍സ് കൂടി നേടി ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു ടര്‍ണര്‍. വലിയ സ്ക്രീനില്‍ ഈ തീരുമാനം കണ്ടപ്പോള്‍ താന്‍ ഏറെ ടെന്‍ഷനടിക്കുകയായിരുന്നുവെന്നും ടര്‍ണര്‍ സൂചിപ്പിച്ചു.

ഈ പരമ്പരയില്‍ തന്നെ ഇത് ആദ്യമായല്ല ഡിആര്‍എസ് പഴി കേള്‍ക്കുന്നത്. റാഞ്ചിയില്‍ ആരോണ്‍ ഫിഞ്ചിനെ 93 റണ്‍സില്‍ പുറത്തായപ്പോളും ബോള്‍ ട്രാക്കര്‍ പിശകുള്ളതായാണ് കാണപ്പെട്ടത്.