ഓസ്ട്രേലിയന്‍ വനിത ടീം ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കുന്ന കാലം കഴിഞ്ഞുവെന്ന് അഭിപ്രായപ്പെട്ട് ടീം ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ്. ഇന്ത്യ, പാക്കിസ്ഥാന്, ന്യൂസിലാണ്ട് എന്നീ രാജ്യങ്ങളുമായുള്ള ഏകദിന പരമ്പര തൂത്തുവാരി കുതിയ്ക്കുന്ന ഓസ്ട്രേലിയ കഴിഞ്ഞ ടി20 ലോകകപ്പും നേടി മുന്നോട്ട് കുതിയ്ക്കുകയാണ് വനിത ക്രിക്കറ്റില്‍.
ന്യൂസിലാണ്ടിനെയും 3-0നു പരാജയപ്പെടുത്തിയതോടെ മികച്ചൊരു സീസണാണ് കഴിഞ്ഞതെന്നാണ് ഓസ്ട്രേലിയന്‍ നായിക പറഞ്ഞത്. നാല് മാസത്തേ ഇടവേളയിലേക്കാണ് ടീം പോകുന്നത്. അതിനു ശേഷം ആഷസ് പരമ്പരയിലൂടെയാണ് ടീം വീണ്ടും ക്രിക്കറ്റിലേക്ക് തിരികെ എത്തുന്നത്. ബൗളിംഗിലും ബാറ്റിംഗിലും തിരഞ്ഞെടുക്കുവാന്‍ വലിയൊരു സംഘം താരങ്ങളാണ് ഇപ്പോള്‍ ഓസ്ട്രേലിയയുടെ ശക്തി. അതിനാല്‍ തന്നെ ടീം തിരഞ്ഞെടുപ്പ് ഇപ്പോള്‍ കൂടുതല്‍ ശ്രമകരമായിട്ടുണ്ടെന്നും ലാന്നിംഗ് പറഞ്ഞു.
നാലോളം താരങ്ങളാണ് ന്യൂസിലാണ്ടിനെതിരെ അവസാന മത്സരത്തില്‍ അര്‍ദ്ധ ശതകതത്തിനു അരികിലെത്തി നിന്നത്. അതു പോലെ തന്നെ ബൗളിംഗില്‍ പുതിയ താരങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ അവരും അവസരത്തിനൊത്തുയരുന്ന കാഴ്ചയാണ് കണ്ടത്. അതിശക്തമായ സ്ക്വാഡാണ് ഓസ്ട്രേലിയയുടെ നിലവിലെ ശക്തി, അത് ടീമിനെ കൂടുതല്‍ മികച്ചതാക്കുന്നു. ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിക്കുന്ന കാലം കഴിഞ്ഞു, അത് തന്നെയാണ് ഇപ്പോള്‍ ഓസ്ട്രേലിയയുടെ യഥാര്‍ത്ഥ ശക്തിയെന്നും ലാന്നിംഗ് പറഞ്ഞു.