ഐ ലീഗിൽ ഈ സീസണിൽ റിലഗേഷൻ ഒഴിവാക്കണമെന്ന് ആഗ്രഹമുണ്ട് എങ്കിൽ ഗോകുലം കേരള ഇന്നെങ്കിലും ജയിക്കേണ്ടതുണ്ട്. ഇന്ന് കോഴിക്കോട് നടക്കുന്ന മത്സരത്തിൽ ഗോകുലം കേരള എഫ് സിക്ക് ശക്തരായ നെരോക എഫ് സിയാണ് എതിരാളികൾ. ഇനി വെറും രണ്ട് മത്സരങ്ങളെ ബാക്കിയുള്ളൂ എന്നതിനാൽ ഗോകുലത്തിന് ഇനിയും സമനിലകളും തോൽവികളും ഏറ്റുവാങ്ങാൻ കഴിയില്ല.
10ആം സ്ഥാനത്തുള്ള ഗോകുലത്തിന് 14 പോയന്റാണ് ഇപ്പോൾ ഉള്ളത്. അവസാന സ്ഥാനത്തുള്ള ഷില്ലോങ്ങ് ലജോങ്ങിന് 11 പോയന്റും. ഇന്ന് ഗോകുലം വിജയിച്ചാൽ ഗോകുലത്തിന് 17 പോയന്റാകും. ഇത് 9ആം സ്ഥാനത്തുള്ള മിനേർവയ്ക്ക് ഒപ്പം ഗോകുലത്തെ എത്തിക്കുകയും ചെയ്യും. അവസാന മത്സരം കൂടുതൽ കരുത്തരായ കിരീടത്തിനായി പോരിടുന്ന ഈസ്റ്റ് ബംഗാളിന് എതിരെ ആയതിനാൽ ഇന്ന് തന്നെ വിജയിച്ച് സുരക്ഷിത സ്ഥാനത്ത് എത്താനാകും ഗോകുലം കേരള എഫ് സി ശ്രമിക്കുക. സീസണിൽ ആകെ രണ്ടു മത്സരങ്ങൾ മാത്രമേ ഗോകുലം കേരള എഫ് സി വിജയിച്ചിട്ടുള്ളൂ.
ഇന്ന് വൈകിട്ട് 5 മണിക്കാണ് മത്സരം. സ്റ്റേഡിയത്തിൽ ഇന്ന് പ്രവേശനം സൗജന്യമാണ്.