സൗത്താംപ്ടണിലെ മോശം പിച്ചില്‍ ഇന്ത്യന്‍ മുന്‍ നിര സ്പിന്നര്‍ അശ്വിന്റെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന അവസരത്തില്‍ താരത്തിന്റെ പ്രകടനത്തെക്കുറിച്ച് ഇന്ത്യന്‍ ക്യാമ്പില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍. പല മുന്‍ താരങ്ങളും സൗത്താംപ്ടണിലെ തോല്‍വിയ്ക്ക് കാരണക്കാരന്‍ അശ്വിനാണെന്നാണ് പറഞ്ഞത്. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും ഇതില്‍ പെടും. മോയിന്‍ അലി മികവ് പുലര്‍ത്തിയ പിച്ചില്‍ അശ്വിന്‍ അടിസ്ഥാന തത്വങ്ങള്‍ പാലിക്കാത്തതാണ് തോല്‍വിയ്ക്ക് കാരണമെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞിരുന്നു.
ഇപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് തന്നെ താരത്തിന്റെ പ്രകടനത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണ് താരങ്ങള്‍ പറയുന്നത്. മത്സരശേഷം കോച്ച് രവിശാസ്ത്രി പറഞ്ഞത് മോയിന്‍ അലി കൃത്യമായ സ്ഥലങ്ങളില്‍ പന്തെറിഞ്ഞപ്പോള്‍ അശ്വിനു അതിനു സാധിച്ചിലെന്നാണ്. കൂടാതെ അശ്വിന്‍ അഞ്ചാം ടെസ്റ്റില്‍ കളിക്കാന്‍ താരം പൂര്‍ണ്ണാരോഗ്യവാനാണെന്നും രവി ശാസ്ത്രി പറഞ്ഞിരുന്നു. എന്നാല്‍ അശ്വിന്‍ നെറ്റ്സില്‍ പോലും പന്തെറിയുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രതീക്ഷിച്ച പോലെത്തന്നെ അശ്വിന്‍ അഞ്ചാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു.
അതേ സമയം ഇന്ത്യന്‍ ഉപ നായകന്‍ അജിങ്ക്യ രഹാനെ താരം മികച്ച രീതിയിലാണ് നാലാം ടെസ്റ്റില്‍ പന്തെറിഞ്ഞതെന്നാണ് അഭിപ്രായപ്പെട്ടത്. മോശമല്ലാത്ത രീതിയില്‍ ഫീല്‍ഡിംഗും അശ്വിന്‍ ചെയ്തുവെന്നാണ് അജിങ്ക്യയുടെ അഭിപ്രായം. ചേതേശ്വര്‍ പുജാരയും അശ്വിന്റെ സൗത്താംപ്ടണിലെ മോശം പ്രകടനത്തെ ന്യായീകരിക്കുന്നതാണ് കണ്ടത്.
ടീമിലെ പലരും തന്നെ അശ്വിന്റെ ഫോമിനെയും ഫിറ്റ്നെസ്സിനെയും പറ്റി വിരുദ്ധ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ തന്നെ ഇന്ത്യന്‍ ടീമില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്ന് വേണം മനസ്സിലാക്കുവാന്‍. സത്യസന്ധമായ സ്ഥിതിഗതികളെ മറച്ച് വെച്ചാണ് ഇന്ത്യന്‍ ക്യാമ്പ് പ്രതികരണങ്ങള്‍ നടത്തുന്നതെന്ന് വേണം മനസ്സിലാക്കുവാന്‍.