ഇറാനി കപ്പിൽ സൗരാഷ്ട്രയ്ക്ക് തോൽവി ഒഴിവാക്കുവാന്‍ സാധിച്ചേക്കില്ലെങ്കിലും പോരാടി മാത്രമാവും അവര്‍ കീഴടങ്ങുക. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ മൂന്നാം ദിവസം 49/2 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ടീം മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 368/8 എന്ന നിലയിൽ 92 റൺസ് ലീഡ് നേടിയിട്ടുണ്ട്. രണ്ട് ദിവസം മാത്രം അവശേഷിക്കെ 2 വിക്കറ്റ് മാത്രം കൈവശമുള്ള ടീമിന് ഇനിയെത്ര നേരം പിടിച്ച് നിൽക്കാനാകുമെന്ന് ഉറപ്പില്ലെങ്കിലും ഇതുവരെയുള്ള അവരുടെ രണ്ടാം ഇന്നിംഗ്സിലെ പ്രകടനം പ്രശംസയര്‍ഹിക്കുന്നതാണ്.
87/5 എന്ന നിലയിലേക്ക് വീണ ടീം പിന്നീടുയര്‍ത്തിയ ചെറുത്ത്നില്പാണ് ടീമിനെ ഇന്നിംഗ്സ് തോൽവിയിൽ നിന്ന് രക്ഷിച്ചത്. ആദ്യം ഷെൽഡൺ ജാക്സണും അര്‍പിത് വാസവദയും 117 റൺസ് ആറാം വിക്കറ്റിൽ നേടിയുയര്‍ത്തിയ പ്രതിരോധം 71 റൺസ് നേടിയ ഷെൽഡൺ ജാക്സൺ വീണതോടെ അവസാനിച്ചു. ഏതാനും ഓവറുകള്‍ക്ക് ശേഷം അര്‍പിതും പുറത്തായതോടെ 215/7 എന്ന നിലയിലേക്ക് സൗരാഷ്ട്ര വീണു.
അധിക സമയം ടീമിന് പിടിച്ച് നിൽക്കാനാകില്ലെന്ന് ഏവരും വിധിയെഴുതിയപ്പോള്‍ 144 റൺസാണ് എട്ടാം വിക്കറ്റിൽ പ്രേരക് മങ്കഡും ജയ്ദേവ് ഉനഡ്കടും നേടിയത്. 72 റൺസ് നേടിയ പ്രേരകിനെ ജയന്ത് യാദവ് പുറത്താക്കിയപ്പോള്‍ 78 റൺസുമായി ജയ്ദേവ് ഉനഡ്കട് ക്രീസിലുണ്ട്. 6 റൺസ് നേടിയ പാര്‍ത്ഥ് ഭുട് ആണ് ക്രീസിലുള്ള മറ്റൊരു താരം.
റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി കുൽദീപ് സെന്നും സൗരഭ് കുമാറും മൂന്ന് വീതം വിക്കറ്റ് നേടി.