സ്ലോവേനിയയെ പിടിച്ചു കെട്ടി ഇന്ത്യൻ കുട്ടികൾ

ഇറ്റലിയിൽ നടക്കുന്ന അണ്ടർ 15 ടൂർണമെന്റിൽ ശക്തരായ സ്ലോവേനിയയെ സമനിലയിൽ തളച്ച് ഇന്ത്യൻ കുട്ടികൾ. 2-2നാണ് ഇന്ത്യൻ കുട്ടികൾ യൂറോപ്യൻ വമ്പന്മാരായ സ്ലോവേനിയയെ പിടിച്ചു കെട്ടിയത്. ഇന്ത്യക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടിയ ശ്രീദാർഥ് ആണ് തിളങ്ങിയത്. തുടക്കം മുതൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യയാണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. മത്സരത്തിന്റെ ഒമ്പതാം മിനുട്ടിലാണ് ശ്രീദാർഥിലൂടെ ഇന്ത്യ ഗോൾ നേടിയത്.

എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് എനേജ് മർസെറ്റികിലൂടെയാണ് സ്ലോവേനിയ സമനില പിടിച്ചത്. തുടർന്ന് രണ്ടാം പകുതിയിൽ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് സ്ലോവേനിയ മത്സരത്തിൽ ലീഡ് നേടി. എന്നാൽ തോൽക്കാൻ മനസ്സില്ലാതെ പൊരുതിയ ഇന്ത്യ ശ്രീദാർഥിലൂടെ വീണ്ടും ഗോളടിച്ച് മത്സരത്തിൽ സമനില പിടിക്കുകയായിരുന്നു.