ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മത്സരം സമനിലയിൽ അവസാനിച്ചാൽ വിജയികളെ കണ്ടെത്താൻ ഐ.സി.സി പുതിയ മാർഗങ്ങൾ കണ്ടെത്തണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ നാലാം ദിവസം മഴ മൂലം ഒരു പന്ത് പോലും എറിയാൻ പറ്റിയിരുന്നില്ല.
തുടർന്നാണ് മുൻ ഇന്ത്യൻ താരത്തിന്റെ പ്രതികരണം. മത്സരത്തിന്റെ ആദ്യ ദിവസവും ഒരു പന്ത് പോലും എറിയാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് മത്സരത്തിന്റെ ഫലം നിർണയിക്കാൻ ഐ.സി.സി പുതിയ മാർഗങ്ങൾ കണ്ടെത്തണമെന്ന ആവശ്യം ഗാവസ്കർ മുന്നോട്ട് വെച്ചത്.
അതെ സമയം ലോക ടെസ്റ്റ് ചാംപ്യൻഷിപ് മത്സരം സമനിലയിൽ അവസാനിക്കുകയാണെങ്കിൽ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുമെന്ന് ഐ.സി.സി അറിയിച്ചിരുന്നു. കൂടാതെ ഫൈനൽ മത്സരത്തിനായി ഒരു ദിവസം റിസർവ് ഡേ ആയി ഐ.സി.സി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
മത്സരം നാല് ദിവസം പിന്നിട്ടപ്പോൾ ന്യൂ സിലാൻഡ് ഒന്നാം ഇന്നിങ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലാണ്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 217 റൺസിൽ എല്ലാവരും പുറത്തായിരുന്നു.