ഡബ്യു.ടി.എ 500 സ്റ്റുട്ട്ഗാർട്ട് ഓപ്പണിൽ സെമിഫൈനൽ ലൈൻ അപ്പ് ആയി. സമീപകാലത്ത് ഗ്രാന്റ് സ്ലാം കിരീടങ്ങൾ നേടിയ താരങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ അനായാസ ജയം കണ്ട ഇഗ സ്വിയാറ്റക് എമ്മ റാഡുകാനുവിനെ മറികടന്നു സെമിയിൽ എത്തി. ഒന്നാം സീഡ് ആയ ഇഗ എട്ടാം സീഡ് ആയ എമ്മയെ ക്വാർട്ടർ ഫൈനലിൽ 6-4, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ആണ് തോൽപ്പിച്ചത്. ഇത് തുടർച്ചയായ 21 മത്തെ ജയം ആണ് ലോക ഒന്നാം നമ്പർ താരമായ പോളണ്ട് താരം കുറിച്ചത്. നിലവിൽ തുടർച്ചയായ 28 സെറ്റുകൾ ആണ് ഇഗ ജയിച്ചത്. സെമിയിൽ ലുഡ്മില സമസോനോവയാണ് ഇഗയുടെ എതിരാളി. ലൗറയെ 7-5, 6-3 എന്ന സ്കോറിന് മറികടന്നു ആണ് സമസോനോവ സെമിയിൽ എത്തിയത്.
രണ്ടാം സെമിയിൽ രണ്ടാം സീഡ് സ്പാനിഷ് താരം പൗള ബഡോസയും മൂന്നാം സീഡ് ബലാറസ് താരം ആര്യാന സബലങ്കയും നേർക്കുനേർ വരും. ഏഴാം സീഡ് ഒൻസ് ജബയറിനെ കടുത്ത പോരാട്ടത്തിൽ ആണ് ബഡോസ വീഴ്ത്തിയത്. ആദ്യ സെറ്റ് കടുത്ത ടൈബ്രേക്കറിൽ നേടിയ ബഡോസ പക്ഷെ രണ്ടാം സെറ്റ് 6-1 നു കൈവിട്ടു. മൂന്നാം സെറ്റിൽ തിരിച്ചു വന്നു 6-3 നു ജയം നേടി സ്പാനിഷ് താരം സെമി ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ 7 തവണ ബ്രൈക്ക് വഴങ്ങിയ ബഡോസ 6 തവണ എതിരാളിയെയും ബ്രൈക്ക് ചെയ്തു. ജയത്തോടെ ലോക രണ്ടാം റാങ്കിലേക്കും സ്പാനിഷ് താരം എത്തി. അഞ്ചാം സെറ്റ് അന്നറ്റ് കോണ്ടവെയിറ്റിനെ 3 സെറ്റ് പോരാട്ടത്തിൽ ആണ് മൂന്നാം സീഡ് ആര്യാന സബലങ്ക ക്വാർട്ടർ ഫൈനലിൽ മറികടന്നത്. മത്സരത്തിൽ 10 ഏസുകൾ ഉതിർത്ത സബലങ്ക 5 ബ്രൈക്കുകളും നേടി. 6-4, 3-6, 6-1 എന്ന സ്കോറിന് ആയിരുന്നു ബലാറസ് താരത്തിന്റെ ജയം.