ഡബ്യു.ടി.1000 മിയാമി ഓപ്പണിൽ ആദ്യ മത്സരത്തിൽ തന്നെ വമ്പൻ അട്ടിമറികൾ. പ്രമുഖ താരങ്ങളിൽ പലരും ആദ്യ മത്സരത്തിൽ തന്നെ പരാജയം നേരിട്ടു ടൂർണമെന്റിൽ നിന്നു പുറത്തായി. ഒന്നാം സീഡ് ആര്യാന സബലങ്കയെ 6-4, 6-4 എന്ന നേരിട്ടുള്ള സ്കോറിന് സീഡ് ചെയ്യാത്ത ഇറിന കമെലിയ ആണ് അട്ടിമറിച്ചത്. മത്സരത്തിൽ ഓരോ സെറ്റിലും സബലങ്കയെ ബ്രൈക്ക് ചെയ്ത കമെലിയ മത്സരം അനായാസം സ്വന്തമാക്കി. അതേസമയം മൂന്നാം സീഡ് അന്നറ്റ് കോന്റ്വെയിറ്റിനെ അമേരിക്കൻ താരം ആൻ ലി മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് അട്ടിമറിച്ചത്. ആദ്യ സെറ്റ് 6-3 നു നേടിയ ആൻ ലി രണ്ടാം സെറ്റ് 6-3 നു കൈവിട്ടു എന്നാൽ 6-4 മൂന്നാം സെറ്റ് നേടിയ അമേരിക്കൻ താരം അട്ടിമറി പൂർത്തിയാക്കി.
ആറാം സീഡ് കരോലിന പ്ലിസ്കോവയെ 6-3, 6-3 എന്ന നേരിട്ടുള്ള സ്കോറിന് അന്ന കലിൻസ്കയ അട്ടിമറിച്ചതും കാണാൻ ആയി. മത്സരത്തിൽ വലിയ അവസരം ഒന്നും പ്ലിസ്കോവക്ക് എതിരാളി നൽകിയില്ല. യു.എസ് ഓപ്പൺ ജേതാവ് ആയ 11 സീഡ് എമ്മ റാഡുകാന്യുവിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ 3-6, 6-4, 7-5 എന്ന സ്കോറിന് ആണ് കാതറീന സിനിയകോവ അട്ടിമറിച്ചത്. ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നായിരുന്നു യുവ ബ്രിട്ടീഷ് താരത്തെ ചെക് താരം വീഴ്ത്തിയത്. അതേസമയം ബ്രിട്ടീഷ് താരം ഹെതർ വാട്സനോട് 6-4, 3-6, 6-7 എന്ന സ്കോറിന് പരാജയപ്പെട്ട 15 സീഡ് എലീന സ്വിറ്റോലീനയും ടൂർണമെന്റിൽ നിന്നു പുറത്തായി. അതേസമയം മുൻ ലോക ഒന്നാം നമ്പർ താരങ്ങളുടെ പോരാട്ടത്തിൽ 13 സീഡ് ആഞ്ചലീന കെർബറിനെ 6-2, 6-3 എന്ന നേരിട്ടുള്ള സ്കോറിന് തകർത്ത സീഡ് ചെയ്യാത്ത നയോമി ഒസാക്ക കളത്തിലേക്കുള്ള തന്റെ തിരിച്ചു വരവ് ഗാംഭീരമാക്കി.