ആന്റി മറെയെ ആദ്യ റൗണ്ടിൽ മറികടന്നു സ്റ്റാൻ വാവറിങ്ക

20200928 124031
- Advertisement -

മുൻ ഗ്രാന്റ് സ്‌ലാം ജേതാക്കൾ തമ്മിലുള്ള ആദ്യ റൗണ്ട് പോരാട്ടത്തിൽ ആന്റി മറെയെ മറികടന്നു സ്റ്റാൻ വാവറിങ്ക. ബ്രിട്ടീഷ് താരത്തിന് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സ്വിസ് താരം ജയം കണ്ടത്. മത്സരത്തിൽ എല്ലാ നിലയിലും ആധിപത്യം നേടിയ മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവ് കൂടിയായ വാവറിങ്ക മറെക്ക് ഒരു പ്രതീക്ഷയും നൽകിയില്ല. മത്സരത്തിൽ 9 ഏസുകൾ ഉതിർത്ത വാവറിങ്ക മറെയുടെ സർവീസ് ആറു പ്രാവശ്യം ആണ് ഭേദിച്ചത്. ആദ്യ സെറ്റ് 6-1 നു നേടിയ വാവറിങ്ക രണ്ടാം സെറ്റ് 6-3 നും മൂന്നാം സെറ്റ് 6-2 നും നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു.

കൊറിയൻ താരം സൂൺ വൂയിനെ 7-5, 6-4, 6-4 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു 23 സീഡ് ഫ്രഞ്ച് താരം ബെനോയിറ്റ് പൈരെയും രണ്ടാം റൗണ്ടിൽ എത്തി. അതേസമയം 24 സീഡ് ക്രൊയേഷ്യൻ താരം ബോർണ ചോരിച്ചിനെ സീഡ് ചെയ്യാത്ത സെർബിയൻ താരം നോബർട്ട് ഗോമ്പസ് അട്ടിമറിച്ചു. 4 സെറ്റ് പോരാട്ടത്തിൽ 6-4, 3-6, 6-3, 6-4 എന്ന സ്കോറിന് ആയിരുന്നു സെർബിയൻ താരത്തിന്റെ ജയം. സീഡ് ചെയ്യാത്ത ഇറ്റാലിയൻ താരം മാർക്കയോട് 7-6, 6-4, 6-0 എന്ന നേരിട്ടുള്ള സ്കോറിന് തോറ്റ 25 സീഡ് ഓസ്‌ട്രേലിയൻ യുവ താരം അലക്‌സ് ഡി മിനോറും ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്തായി.

Advertisement