അർജന്റീനയുടെ ഡെൽപോട്രോ യുഎസ് ഓപ്പൺ ടെന്നീസിന്റെ ഫൈനലിൽ പ്രവേശിച്ചു. ഒന്നാം നമ്പർ താരം റാഫേൽ നദാൽ മൂന്നാം സെറ്റിന് മുന്നേ പരിക്ക് മൂലം പിന്മാറിയതോടെയാണ് ഡെൽപോട്രോ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ സ്വന്തമാക്കിയ ഡെൽപോട്രോ രണ്ടാം സെറ്റ് 6-2 എന്ന സ്കോറിന് നേടിയ ശേഷമായിരുന്നു നദാലിന്റെ പിന്മാറ്റം. കാൽമുട്ടിലെ പരിക്കാണ് നദാലിന് വിനയായത്. മുൻപ് 2009 വർഷത്തിൽ യുഎസ് ഓപ്പൺ ചാമ്പ്യൻ കൂടിയാണ് ഡെൽപോട്രോ. പക്ഷേ ആ വിജയത്തിന് ശേഷം പരിക്ക് മൂലം ദീർഘകാലം വിട്ടു നിൽക്കുകയും റാങ്കിങ്ങിൽ ആയിരത്തിൽ താഴെ പോവുകയും ചെയ്തിട്ടുണ്ട്. ഇത്തവണത്തെ ഫൈനൽ അദ്ദേഹത്തിന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ഗ്രാൻഡ്സ്ലാം ഫൈനലാണ്.
മറുവശത്ത് പുരുഷ, വനിതാ വിഭാഗം ഫൈനലുകളിലും ജപ്പാൻ സാന്നിധ്യം എന്ന അപൂർവ്വ നേട്ടം ലക്ഷ്യമാക്കി ഇറങ്ങിയ കീ നിഷിക്കോരിയെ തകർത്ത് നൊവാക് ജോക്കോവിച്ച് ഫൈനലിൽ കടന്നു. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നോവാക്കിന്റെ വിജയം. സ്‌കോർ : 6-3,6-4,6-2. യുഎസ് ഓപ്പൺ ഫൈനൽ പ്രവേശനത്തിലൂടെ ഈ വർഷമവസാനം നടക്കുന്ന എടിപി വേൾഡ് ടൂർ ഫൈനൽസിലേക്ക് യോഗ്യത നേടുകയും ചെയ്തു സെർബിയയുടെ ഈ താരം.
പുരുഷ ഡബിൾസിൽ ഇരട്ട സഹോദരനില്ലാതെ രണ്ടാം ഗ്രാൻഡ്സ്ലാമിന് ഇറങ്ങിയ മൈക്ക് ബ്രയാൻ ജാക്ക് സോക്കിനൊപ്പം രണ്ടാമത്തെ കിരീടവും സ്വന്തമാക്കി. നേരത്തേ ഈ ജോഡി വിംബിൾഡൺ സ്വന്തമാക്കിയിരുന്നു. ഫൈനലിൽ മെലോ കുബൂത്ത് സഖ്യത്തെയാണ് അമേരിക്കൻ ജോഡി പരാജയപ്പെടുത്തിയത്. സ്‌കോർ: 6-3,6-1.