രണ്ട വർഷം മുന്നേ, 2020 ജനുവരിയിൽ പുതിയ താരങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരാനും പ്രതിഭകള്‍ക്ക് കാര്യക്ഷമമായ പരിശീലനം നല്‍കാനുമുള്ള പദ്ധതിയായി കാസർഗോഡ് സംസ്ഥാന സര്‍ക്കാര്‍ ജില്ലയിലെ തന്നെ ആദ്യത്തെ ടെന്നീസ് കോർട്ട് ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഇപ്പോൾ ആ കോർട്ടിന്റെ സ്ഥാനത്തു ഒരു പുല്ലു വളർന്നു നിൽക്കുന്ന, ആരും തിരിഞ്ഞു നോക്കാത്ത, കളിക്കാൻ പറ്റാത്ത ഒരു പറമ്പാണ്.
സംസ്ഥാനത്തു ടെന്നീസ് കളിയോടുള്ള അവഗണനയുടെ ഒരു ഉദാഹരണം മാത്രമാണിത്. ടെന്നീസ് ലോകത്തിലെ തന്നെ ജനപ്രിയമായ കളികളിൽ ഒന്നാണ്. ചരിത്രപരമായി ദക്ഷിണേന്ത്യയിലും വളരെ പ്രചാരമേറിയ കളികളിൽ ഒന്നായിരുന്നു ടെന്നീസ്. ഇന്ത്യക്കു വേണ്ടി കളിച്ച പല കളിക്കാരും ചെന്നൈ ബാംഗ്ലൂർ എന്നിവിടങ്ങളിൽ കളിച്ചു വളർന്നവരാണ്. എങ്കിലും കേരളത്തിൽ ടെന്നിസിനു യാതൊരു വിധ മുന്നേറ്റവും നേടാൻ കഴിഞ്ഞിട്ടില്ല.
ഇതിനു ഒരു പ്രധാന കാരണം കളിക്കാനുള്ള കളിക്കളങ്ങളുടെ ലഭ്യത ഇല്ലായ്മയാണ്. ടെന്നീസ് കേരളത്തിൽ ആദ്യ കാലങ്ങളിൽ കളിച്ചിരുന്നത് ബ്രിട്ടീഷുകാരും, രാജകുടുംബാംഗങ്ങളും മാത്രം ആയിരിന്നു. കളിക്കളങ്ങൾ സാധാരണ ജനങ്ങൾക്ക് എത്തിപ്പെടാവുന്ന ഇടങ്ങളിൽ ആയിരുന്നില്ല. സംസ്ഥാനത്തെ ആദ്യ ടെന്നീസ് കോർട്ട് തന്നെ മുണ്ടക്കയത്തെ തോട്ടം മേഖലയിൽ ആയിരിന്നു എന്ന് പറയപ്പെടുന്നു, അതും അവിടത്തെ ക്ലബ്ബിനു കീഴിൽ.
പിന്നീട് വന്ന ടെന്നീസ് കോർട്ടുകളും പ്രധാന ജില്ലകളിലെ ക്ലബ്ബ്കളുടെ ഉടമസ്ഥതയിൽ ആയിരുന്നു. ഇവിടങ്ങളിൽ കളിക്കാനും, കളി പഠിക്കാനും അതാത് ക്ലബ്ബ്കളിലെ അംഗങ്ങൾക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ. 1990കളിൽ എറണാകുളത്ത് സർക്കാർ ഉടമസ്ഥതയിലുള്ള റീജിയണൽ സ്പോർട്സ് സെന്റർ ഉയർന്നു വന്നെങ്കിലും, അവിടത്തെ നാല് കോർട്ടുകളും അവിടെ ആജീവനാന്ത അംഗത്വം എടുത്തവർക്കു മാത്രമായി. പൊതുജനങ്ങൾക്ക് ആ സൗകര്യം ഉപയോഗപ്പെടുത്തണമെങ്കിൽ പരിചയമുള്ള ഒരു അംഗം കൂടെ വേണം. ചില സ്വകാര്യ ക്ലബ്ബ്കൾ ഫീസ് വാങ്ങി കോർട്ട് ഉപയോഗിക്കാൻ കൊടുക്കുന്നുണ്ട് എന്നുള്ളത് മറക്കുന്നില്ല, പക്ഷെ പൊതുവെ കേരളത്തിലെ ടെന്നീസ് കളി സ്വകാര്യ വൻകിട ക്ലബ്ബ്കളെ ചുറ്റിപ്പറ്റിയാണ് കിടക്കുന്നതു. വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്ന ചില ടെന്നീസ് അക്കാഡമികൾ ഈ അടുത്ത കാലത്തായി ചുരുക്കം ചില ജില്ലകളിൽ തുറന്നിട്ടുണ്ടെങ്കിലും, അവയും വിരലിൽ എണ്ണാവുന്നത്ര മാത്രം.
നമ്മുടെ അയൽസംസ്ഥാനങ്ങളായ കർണ്ണാടകയെയും തമിഴ്നാടിനെയും വച്ച് തട്ടിച്ചു നോക്കുമ്പോൾ ടെന്നീസ് കോർട്ടുകളുടെയും, കളിക്കാരുടെയും എണ്ണത്തിൽ നമ്മൾ വളരെ പുറകോട്ടാണ്. കേരളത്തിലെ പല ജില്ലകളിലും ഒരു കോർട്ട് പോലും ഇല്ല എന്ന് പറയുമ്പോൾ കാര്യങ്ങളുടെ കിടപ്പു മനസ്സിലാകും.
എവിടെയെല്ലാം ടെന്നീസ് കോർട്ടുകൾ തുറന്നിട്ടുണ്ടോ അവിടെയെല്ലാം കളിയെ സ്നേഹിക്കുന്നവർ വളരെ ആവേശപൂർവ്വം മുന്നോട്ട് വന്നിട്ടുണ്ട്. ടെന്നീസ് കോച്ചിങിനായി വരുന്ന കുട്ടികളുടെയും മുതിർന്നവരുടെയും എണ്ണം കണ്ടാൽ, ഇവരൊക്കെ ഇത്രയും നാൾ എവിടെയായിരുന്നു എന്ന് ചോദിച്ചു പോകും. ഏതൊരു കളിയും മെച്ചപ്പെടണം എങ്കിൽ കൂടുതൽ പങ്കാളിത്തവും മത്സരങ്ങളും ആവശ്യമാണ്. അതിനു കൂടുതൽ കൂടുതൽ കളിക്കാർ കളിക്കളത്തിലേക്കു വന്നേ മതിയാകൂ. ഇപ്പോഴത്തെ നിലയിൽ നമ്മുടെ സംസ്ഥാനത്തു നിന്ന് പുറത്തു പോയി മത്സരിക്കാൻ ഒന്നോ രണ്ടോ പേരെ കാണൂ, അതും അത്ര ജയ സാദ്ധ്യതകൾ ഒന്നും പ്രതീക്ഷിക്കാതെ.
പേരിനൊരു കേരള ടെന്നീസ് അസോസിയേഷൻ ഉണ്ടെങ്കിലും, കാര്യമായ ബഡ്‌ജറ്റ് ഒന്നും ഇല്ലാത്തതു കൊണ്ട് ടെന്നിസിന് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനൊന്നും അവരെ കൊണ്ട് ആകുന്നില്ല. ജില്ലാ തല അസ്സോസിയേഷനുകൾക്കു ചില ലോക്കൽ ടൂർണമെന്റുകൾ നടത്താൻ പറ്റുന്നുണ്ട് എന്നല്ലാതെ കളിയെ മുന്നോട്ടു കൊണ്ട് പോകാൻ തീരെ സാധിക്കുന്നില്ല. കഴിഞ്ഞ കൊല്ലം നടത്തിയ പ്രവർത്തനങ്ങൾ ഇക്കൊല്ലവും നടത്തുന്നു എന്ന് മാത്രം. സംസ്ഥാനത്തെ ടെന്നീസ് അസ്സോസിയേഷനുകളെ കുറിച്ച് പൊതുവെ പറയുന്ന ഒരു തമാശ, പുതിയ കമ്മിറ്റി ചാർജ്ജ് എടുക്കുമ്പോൾ മാത്രമാണ് ഈ അസ്സോസിയേഷനുകളെ കുറിച്ചുള്ള വാർത്ത പത്രത്തിൽ വരിക എന്നാണ്.
ഈ സ്ഥിതിക്ക് ഒരു മാറ്റം വരണമെങ്കിൽ സർക്കാർ ശക്തമായി ടെന്നീസിന്റെ കാര്യത്തിൽ ഇടപെടണം. സർക്കാർ ചിലവിൽ, അല്ലെങ്കിൽ സ്വകാര്യ/പൊതുമേഖലാ സ്ഥാപനങ്ങളുടെ CSR ഫണ്ടുപയോഗിച്ചു കൂടുതൽ ടെന്നീസ് കോർട്ടുകൾ എല്ലാ ജില്ലകളിലും കൊണ്ട് വരണം. കഴിയുമെങ്കിൽ ഇവ സർക്കാർ സ്‌കൂളുകളോട് ചേർന്ന് വേണം നിർമ്മിക്കുവാൻ. അതാകുമ്പോൾ വിദ്യാർത്ഥികൾക്കും, സ്‌കൂൾ സമയം കഴിഞ്ഞു പൊതുജനങ്ങൾക്കും ഇവ ഉപയോഗിക്കാം. സ്‌കൂൾ മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ, കോർട്ടിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ഈ കോർട്ടുകൾ അറ്റകുറ്റ പണികൾ നടത്തി കൊണ്ട് പോവുകയും ചെയ്യാം. കേരള ടെന്നീസ് അസ്സോസിയേഷൻന്റെ സാങ്കേതിക പരിജ്ഞാനം ഇക്കാര്യത്തിൽ സർക്കാരിന് ലഭ്യമാക്കാം. വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടുകളും ഇതിനു ഉപയോഗപ്പെടുത്താം. സർക്കാർ സ്പോർട്സ് വകുപ്പും മന്ത്രിയും ഇതിനായി മുന്നിട്ടിറങ്ങണം. ഒരു ടീം ഉണ്ടാക്കി മുന്നോട്ടു പോയില്ലെങ്കിൽ ഒരു സെറ്റ് പോലും ജയിക്കാൻ പറ്റില്ല എന്ന് മാത്രമല്ല, കേരളത്തിൽ ടെന്നീസ് കളിക്ക് ഭാവി ഉണ്ടാകില്ല എന്നും നിസ്സംശയം പറയേണ്ടി വരും.