എ.ടി.പി ഫൈനൽസ് കിരീടം നിലനിർത്തി ലോക രണ്ടാം നമ്പർ താരം ഇറ്റലിയുടെ യാനിക് സിന്നർ. ടൂറിനിൽ സ്വന്തം രാജ്യക്കാരുടെ മുന്നിൽ ലോക ഒന്നാം നമ്പർ കാർലോസ് അൽകാരാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു ആണ് സിന്നർ തന്റെ കിരീടം നിലനിർത്തിയത്. മികച്ച പോരാട്ടം കണ്ട ആദ്യ സെറ്റിൽ ടൈബ്രേക്കറിലൂടെ ഡിന്നർ സെറ്റ് നേടി. തുടർന്ന് രണ്ടാം സെറ്റിൽ അൽകാരസിന്റെ ആറാം സർവീസിൽ ബ്രേക്ക് കണ്ടത്തിയ സിന്നർ സെറ്റ് 7-5 നു നേടി കിരീടം ഉയർത്തി.

കഴിഞ്ഞ 9 മത്സരങ്ങളിൽ ഇത് രണ്ടാം തവണയാണ് സിന്നർ അൽകാരാസിനെ തോൽപ്പിക്കുന്നത്. തുടർച്ചയായ 15 മത്തെ ജയം ആയിരുന്നു സിന്നറിന് ഇത്. കഴിഞ്ഞ എ.ടി.പി ഫൈനൽസിലും ഒരു സെറ്റ് പോലും നഷ്ടമാവാതെ കിരീടം ഉയർത്തിയ സിന്നർ ഈ തവണയും ഒരു സെറ്റ് പോലും നഷ്ടമാവാതെയാണ് കിരീടം ഉയർത്തിയത്. ഇൻഡോർ കോർട്ടിൽ അസാധ്യ മികവ് പുലർത്തുന്ന സിന്നർ ഇൻഡോർ ഹാർഡ് കോർട്ടിൽ തുടർച്ചയായ 31 മത്തെ ജയം ആണ് കുറിക്കുന്നത്. കരിയറിലെ 24 മത്തെ കിരീടം ആണ് സിന്നറിന് ഇത്. തോറ്റെങ്കിലും ലോക ഒന്നാം നമ്പറിൽ അൽകാരാസ് തുടരും.














