സെർബിയൻ താരം തുസാൻ ലാജോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു എ. ടി. പി 1000 മാസ്റ്റേഴ്സ് റോം ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി റാഫേൽ നദാൽ. രണ്ടാം സീഡ് ആയ സ്പാനിഷ് താരം കളിമണ്ണ് കോർട്ടിൽ തനിക്ക് ഒരാളും എതിരാളികൾ അല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചപ്പോൾ സെർബിയൻ താരം പലപ്പോഴും കാഴ്ചകാരൻ ആയി. മത്സരത്തിൽ 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 14 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യാൻ അവസരം ഉണ്ടാക്കിയ നദാൽ 6 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. റോമിൽ തന്റെ പത്താം കിരീടം ആണ് റോമിൽ നദാൽ ലക്ഷ്യമിടുന്നത്.
ആദ്യ സെറ്റിൽ വെറും ഒരു പോയിന്റ് മാത്രം എതിരാളിക്ക് നൽകിയ നദാൽ 6-1 നു സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ കുറച്ച് കൂടി പൊരുതിയ എതിരാളിയെ 6-3 നു തകർത്തു റോമിൽ പതിനഞ്ചാമത്തെ തവണ നദാൽ ക്വാർട്ടർ ഫൈനലിലേക്ക് ഇടം നേടി. ഫ്രഞ്ച് ഓപ്പണിനു മുമ്പ് ഒരിക്കൽ കൂടി കളിമണ്ണിൽ ഒരു മാസ്റ്റേഴ്സ് കിരീടം ഉയർത്തി ആത്മവിശ്വാസം കൈവരിക്കാൻ ആവും നദാലിന്റെ ശ്രമം. ക്വാർട്ടർ ഫൈനലിൽ അർജന്റീനൻ താരം എട്ടാം സീഡ് ഡീഗോ ഷ്വാർട്ട്സ്മാൻ ആണ് നദാലിന്റെ എതിരാളി. മികച്ച പോരാളിയായ ഷ്വാർട്ട്സ്മാൻ പക്ഷെ കളിമണ്ണ് കോർട്ടിൽ നദാലിന് വലിയ വെല്ലുവിളി ആവാൻ ഇടയില്ല.