സാമൂഹിക മാധ്യമങ്ങളിൽ അശാസ്ത്രീയമായ പരാമർശനങ്ങൾ നടത്തിയ ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച് വിവാദത്തിൽ. കൊറോണ വൈറസിന് എതിരെ വാക്സിനേഷൻ കണ്ടത്തിയാൽ വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്യേണ്ടതിനാൽ തന്നെ വാക്സിനേഷൻ ആദ്യം എടുക്കേണ്ടി വരും താരങ്ങൾക്ക്, എങ്കിൽ മാത്രമേ കായിക മത്സരങ്ങൾ തുടങ്ങാൻ ആവൂ. എന്നാൽ കൊറോണ വൈറസിന് എതിരെ വാക്സിനേഷൻ നിർബന്ധിതമാവുക ആണെങ്കിൽ താൻ ചിലപ്പോൾ അത് എടുക്കാതെ മത്സരങ്ങളിൽ നിന്ന് വരെ പിന്മാറും എന്നു പറഞ്ഞ താരം വലിയ വിവാദങ്ങൾ ആണ് വിളിച്ചു വരുത്തിയത്. താൻ വ്യക്തിപരമായി വാക്സിനേഷനു എതിരെ ആണെന്ന് പറഞ്ഞ ജ്യോക്കോവിച്ച് യാത്ര ചെയ്യാൻ ആയി ആരെയും നിർബന്ധിച്ച് വാക്സിനേഷൻ ചെയ്യിപ്പിക്കരുത് എന്നും പറഞ്ഞു.
ഇനി വാക്സിനേഷൻ നിർബന്ധിതമായാൽ താൻ പിന്നീട് തീരുമാനം എടുക്കും എന്നും താരം വ്യക്തമാക്കി. വലിയ വിമർശനം ആണ് ഈ പരാമർശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉണ്ടാക്കിയത്. അതിനിടെയിൽ ഈ വിവാദം കെട്ടടങ്ങും മുമ്പ് വിഷമയമായ ഭക്ഷണവും ആശുദ്ധമായ വെള്ളവും ഒക്കെ നമ്മുടെ ചിന്തകളിലൂടെ ശുദ്ധമാക്കി മാറ്റാം എന്നു അവകാശപ്പെട്ടത് വീണ്ടും വിവാദങ്ങൾക്കു വഴി വച്ചു. പ്രാർത്ഥനയിലൂടെയും ചിന്തയിലൂടെയും വെള്ളവും ഭക്ഷണവും ശുദ്ധമാക്കുന്ന ആളുകൾ ഉണ്ട് എന്ന് പറഞ്ഞ ജ്യോക്കോവിച്ച്, പ്രാർത്ഥനയുടെ ഫലമായി വെള്ളത്തിന്റെ തന്മാത്രകളിൽ മാറ്റം ഉണ്ടാകും എന്നും അവകാശപ്പെട്ടു. കൂടാതെ ഇത് ശാസ്ത്രജ്ഞർ തെളിയിച്ചത് ആണെന്നും താരം പറഞ്ഞു. വലിയൊരു താരത്തിൽ നിന്നു ഇത്രയും നിരുത്തരവാദിത്വപരമായ പരാമർശങ്ങൾ വന്നതിൽ രൂക്ഷമായ വിമർശനങ്ങൾ ആണ് ആളുകൾ ഉയർത്തുന്നത്. എന്നാൽ വിമർശങ്ങൾ താരത്തിന്റെ അഭിപ്രായങ്ങൾ മാറ്റുമോ എന്നു കണ്ടറിയാം.