2018 ൽ നൊവാക് ജ്യോക്കോവിച്ച് താൻ ടെന്നീസിൽ നിന്ന് വിരമിക്കുക ആണെന്ന് തന്നോട് പറഞ്ഞത് ആയി ഭാര്യ യെലേന ജ്യോക്കോവിച്ച്. 2017 ൽ കൈമുട്ടിനു ശസ്ത്രക്രിയ കഴിഞ്ഞു കളത്തിൽ തിരിച്ചു വന്ന താരം 2018 ൽ വലിയ തോൽവികൾ ആണ് ഏറ്റുവാങ്ങിയത്. വേദന അവഗണിച്ചു കളത്തിലിറങ്ങിയ ജ്യോക്കോവിച്ച് ആ വർഷം ഓസ്‌ട്രേലിയൻ ഓപ്പണിൽ നാലാം റൗണ്ടിൽ തന്നെ പുറത്ത് പോയി. തുടർന്ന് ചെറിയ ഇടവേളക്ക് ശേഷം തിരിച്ചു വന്ന ജ്യോക്കോവിച്ചിനു വിജയവഴിയിലേക്ക് തിരിച്ചു വരാൻ സാധിച്ചില്ല. ഇന്ത്യൻ വെൽസിലും മിയാമി ഓപ്പണിലും ആദ്യ റൗണ്ടിൽ തന്നെ പുറത്ത് പോയ ജ്യോക്കോവിച്ച് ഈ സമയത്ത് ആണ് താൻ ടെന്നീസ് നിർത്തുക ആണെന്ന് കുടുബത്തോട് പറഞ്ഞത്.
മിയാമിയിലെ തോൽവിക്ക് ശേഷം സ്പോൺസർമാരോട് ആലോചിച്ചു ആറു മാസത്തേക്കോ, ഒരു വർഷത്തേക്കോ അല്ല പൂർണമായോ ടെന്നീസ് നിർത്താം എന്നാണ് ജ്യോക്കോവിച്ച് ഭാര്യയോട് പറഞ്ഞത്. എന്നാൽ തുടർന്ന് 10 ദിവസത്തെ ചെറിയ ഇടവേള എടുത്ത സമയത്ത് താനും കുട്ടിയും ജ്യോക്കോവിച്ചിനെ കളത്തിലേക്കു തിരിച്ചു കൊണ്ട് വരാൻ പ്രേരിപ്പിച്ചു എന്നു യെലേന പറഞ്ഞു. തുടർന്ന് കളത്തിലേക്കു പൂർവാധികം ശക്തിയോടെ തിരിച്ചു വന്ന ജ്യോക്കോവിച്ച് വലിയ ജയങ്ങൾ ആണ് തുടർന്നു നേടിയത്. ലോക ഒന്നാം നമ്പറിലേക്ക് തിരിച്ചു വന്ന താരം അതിനു ശേഷം 5 ഗ്രാന്റ് സ്‌ലാം കിരീടങ്ങളും നേടി.