ബ്രിസ്ബേനിൽ കൈരഗൂയിസ് ദോഹയിൽ മോൺഫിസ്

ഓസ്‌ട്രേലിയൻ ഓപ്പണ് മുന്നോടിയായുള്ള ബ്രിസ്ബേൻ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ നാട്ടുകാരനായ നിക് കൈരഗൂയിസിന് കിരീടം. പ്രതിഭ കൊണ്ട് ടെന്നീസിന്റെ ഭാവിയെന്ന വിശേഷണമുള്ള നിക്കിന്‌ കഴിഞ്ഞ സീസണിൽ ഒന്നും തന്റെ കഴിവിനോട് നീതി പുലർത്താനായിരുന്നില്ല. ആ കോട്ടമാണ് ഇന്നത്തെ കിരീടനേട്ടത്തോടെ നിക് നികത്തിയത് എന്നുവേണമെങ്കിൽ വിശേഷിപ്പിക്കാം.

ഹ്യുവിറ്റിന് ശേഷം ടെന്നീസ് ത്രയങ്ങൾ എന്നുവിശേഷിപ്പിക്കുന്ന ഫെഡറർ, നദാൽ, ജോക്കോവിച്ച് എന്നിവരെയെല്ലാം തോല്പിച്ചിട്ടുള്ള ഏക ഓസ്ട്രേലിയക്കാരനായ നിക്ക് ഓസ്‌ട്രേലിയൻ ഓപ്പണിൽ പ്രമുഖ താരങ്ങൾക്ക് വെല്ലുവിളിയാവുമെന്ന് അടിവരയിടുന്നതായിരുന്നു ഇന്നത്തെ പ്രകടനം. റയാൻ ഹാരിസണെ നേരിട്ടുള്ള സെറ്റുകളിൽ (സ്‌കോർ : 6-4, 6-2) തകർത്താണ് നിലവിലെ 21-മത് സീഡായ നിക്കിന്റെ വിജയം. ഇതോടെ നാളത്തെ പുതിയ റാങ്കിങ്ങിൽ 17-മത് എത്താനും കൈരഗൂയിസിനായി. നാട്ടുകാരുടെ പിന്തുണ കൂടെയാകുമ്പോൾ അടുത്ത ആഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പണിൽ ഈ ഇരുപത്തിരണ്ടുകാരൻ വിജയിച്ചാൽ അതിൽ തെല്ലും അത്‌ഭുതപ്പെടാനില്ല. ബ്രിസ്ബേൻ ടെന്നീസിന്റെ വനിതാ വിഭാഗത്തിൽ ആറാം സീഡ് സ്വിറ്റോലിന സർപ്രൈസ് ഫൈനലിസ്റ്റ് ഉക്രെയിനിന്റെ സസ്‌നോവിച്ചിനെ തോൽപ്പിച്ച് കിരീടം നേടി.

കഴിഞ്ഞ സീസണിലെ മോശം പ്രകടനം പഴങ്കഥയാക്കി ഫ്രാൻസിന്റെ ഗേൽ മോൺഫിസിന് ഖത്തർ ഓപ്പൺ കിരീടം. ഇതിന് മുൻപ് മൂന്നു തവണ ഫൈനലിൽ കടന്നപ്പോഴും തോൽക്കാനായിരുന്നു മോൺഫിസിന്റെ യോഗം. എന്നാൽ ഇടത്തവണ യുവതാരം റൂബലെവിനെതിരെ നേരിട്ടുള്ള സെറ്റുകളിൽ ആധികാരികമായിരുന്നു മോൺഫിസിന്റെ വിജയം. സ്‌കോർ 6-2, 6-3.

വനിതകളിൽ ഒന്നാം നമ്പർ താരം സിമോണ ഹാലെപ് ചൈനയിൽ നടന്ന ഷെൻസെൻ ഓപ്പൺ സിനയ്ക്കോവയെ തോൽപ്പിച്ച് നേടി. രണ്ടാം സെറ്റ് കൈവിട്ട ശേഷമായിരുന്നു താരത്തിന്റെ വിജയം. മികച്ച ഫോം തുടരുന്ന ഡെന്മാർക്കിന്റെ മുൻ ഒന്നാം നമ്പർ താരം കരോളിൻ വോസ്നിയാക്കി ഓക്ലാന്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്വന്തം ക്ലബുകള്‍ക്ക് നേരെ മുഖം തിരിക്കുന്ന കേരള ആരാധകര്‍ 
Next articleഇരട്ട ഗോളുമായി പിറന്നാളുകാരന്‍ ജെജെ, അവസാന മിനുട്ടില്‍ സമനില നേടി ഡല്‍ഹി