കരിയറിലെ ഏറ്റവും മോശം ക്ലേ കോർട്ട് സീസണെന്ന് വിശേഷിപ്പിക്കാവുന്ന ഈ സീസണിന്റെ അവസാനത്തിൽ റോം മാസ്റ്റേഴ്‌സിൽ കിരീടത്തോടെ നദാൽ തിരിച്ചുവരവ് നടത്തി. ഇതുവരെയുള്ള ടൂർണമെന്റുകളിൽ നദാലിനെ സംബന്ധിച്ചിടത്തോളം മോശം പ്രകടനമായിരുന്നു. എന്നാൽ റോം മാസ്റ്റേഴ്സിന്റെ തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക് മേൽ വ്യക്തമായ ആധിപത്യം നേടിയാണ് നദാൽ കിരീടം ഉയർത്തിയത്. ഫൈനലിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെതിരെ 6-0,4-6,6-1 എന്ന സ്കോറിനാണ് നദാൽ വിജയം നേടിയത്.
നദാലിന്റെ ഒമ്പതാം റോം മാസ്റ്റേഴ്സ് കിരീടമാണ്. ഇതോടെ നടക്കാനിരിക്കുന്ന ഫ്രഞ്ച് ഓപ്പണിൽ നദാലിനെ പിടിച്ചു കെട്ടുക എന്നതാവും പ്രധാന വെല്ലുവിളി. മറുഭാഗത്ത് തുടർച്ചയായ മൂന്ന് സെറ്റ് മാച്ചുകൾ നൊവാക്കിന്റെ ശാരീരിക ക്ഷമതയെ ബാധിച്ചു എന്നുവേണം അനുമാനിക്കാൻ. ഫ്രഞ്ച് ഓപ്പണിന്റെ റിഹേഴ്‌സലായും ഇന്നലത്തെ മത്സരത്തെ കാണാവുന്നതാണ്. ഇരുതാരങ്ങളും ഫോം നിലനിർത്തിയാൽ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിൽ തീ പാറും.
വനിതാ വിഭാഗത്തിൽ നാലാം സീഡ് പ്ലിസ്‌കോവ കോണ്ടയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് കിരീടം നേടി. സ്‌കോർ 6-3,6-4.