മൂന്ന് തവണ ഗ്രാൻഡ്സ്ലാം ചാമ്പ്യനും, ഒരുപക്ഷേ ആരും തകർക്കാൻ ഇടയില്ലാത്ത അപൂർവ്വമായ 2 ഒളിമ്പിക്‌സ് ഗോൾഡ് മെഡലും നേടിയിട്ടുള്ള മുൻ ലോക ഒന്നാം നമ്പർ താരം ആന്റി മറെ ടെന്നീസിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നു. ദീർഘകാലമായി പരിക്കിന്റെ പിടിയിലുള്ള താരം ഈ വർഷം തിരിച്ചുവരവിന്റെ പാതയിലാണ്. അതിനിടെയാണ് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് മറെ വിംബിൾഡൺ തന്റെ അവസാന ടൂർണമെന്റ് ആകുമെന്ന് പ്രഖ്യാപിച്ച് ടെന്നീസ് ആരാധകരെ ഞെട്ടിച്ചത്. എന്നാൽ പരിക്ക് ശക്തമാണ് എന്നതിനാൽ തന്നെ സ്വന്തം നാട്ടുകാരുടെ മുന്നിൽ വച്ച് വിംബിൾഡണോടെ വിരമിക്കാൻ സാധിക്കുമോ എന്ന സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അങ്ങനെയാണ് കാര്യങ്ങൾ എങ്കിൽ ഓസ്‌ട്രേലിയൻ ഓപ്പൺ അദ്ദേഹത്തിന്റെ അവസാന ടൂർണമെന്റ് ആകാനും സാധ്യതയുണ്ട്.
ഫെഡറർ, നദാൽ, ജോക്കോവിച്ച് എന്നിവർക്കൊപ്പം സമകാലീനരിൽ ഏറ്റവും മികച്ച കളിക്കാരൻ എന്ന പേര് നേടിയിട്ടുള്ള കളിക്കാരനാണ് മറെ. ഫൈനലുകളിൽ പലപ്പോഴും നിറം മങ്ങിയില്ല എങ്കിൽ ഒരുപിടി ഗ്രാൻഡ്സ്ലാം കിരീടങ്ങൾ മറെയുടെ ശേഖരത്തിൽ കാണുമായിരുന്നേനെ. ടിം ഹെൻമാന് ശേഷം ബ്രിട്ടീഷ് ടെന്നീസിനെ ഉയർത്തി കൊണ്ടുവരാനും, വർഷങ്ങളുടെ ഇടവേളക്ക് ശേഷം വിംബിൾഡണിൽ മുത്തമിടുന്ന ബ്രിട്ടീഷ്കാരനാവാനും കഴിഞ്ഞത് കരിയറിലെ വലിയ നേട്ടങ്ങളാണ്. അമ്മയായിരുന്നു മറെയുടെ ആദ്യ കോച്ച്, സഹോദരൻ ജെയ്മി മറെ ഡബിൾസിൽ ഒന്നാം റാങ്ക് താരമായിരുന്നു.