ഇന്ത്യൻ ഡേവിസ് കപ്പ് ടീം പാകിസ്ഥാനിൽ കളിക്കും

Photo:Getty Images

ഡേവിസ് കപ്പിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോവുമെന്ന് ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ സെക്രട്ടറി ഹിറോണമൊയ് ചാറ്റർജി. സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യാന/ ഓഷ്യന ഗ്രൂപ്പ് 1 ലെ മത്സരങ്ങൾക്ക് വേണ്ടിയാണ് ഇന്ത്യൻ ടീം പാകിസ്താനിലേക്ക് യാത്ര ചെയ്യുക.

55 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ടെന്നീസ് ടീം പാകിസ്താനിലേക്ക് പോവുന്നത്. ഇത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ടൂർണമെന്റ് അല്ലെന്നും ഒരു ലോകകപ്പ് ആണെന്നും അതുകൊണ്ടു ഇന്ത്യൻ ടീം പാകിസ്ഥാനിൽ പോവുമെന്നും ടെന്നിസ് അസോസിയേഷൻ സെക്രട്ടറി പറഞ്ഞു.  ഇന്ത്യൻ ഗവണ്മെന്റുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെങ്കിലും ഐ.ഓ.സിയുടെ നിയമങ്ങൾ പാലിക്കേണ്ടതുകൊണ്ട് ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി.

ഇത് പ്രകാരം ടീമിനൊപ്പം സെക്രട്ടറിയും ആറ് കളിക്കാരും മറ്റു സപ്പോർട്ടിങ് സ്റ്റാഫുകളും പാകിസ്താനിലേക്ക് പോവും. അവസാനമായി ഇന്ത്യയും പാക്കിസ്ഥാനും ഡേവിസ് കപ്പിൽ ഏറ്റുമുട്ടിയത് 2006ലായിരുന്നു. അന്ന് മുംബൈയിൽ വെച്ച് നടന്ന മത്സരത്തിൽ ഇന്ത്യ 3-2ന് ജയിച്ചിരുന്നു.