ടോണി നദാൽ ഇല്ലായിരുന്നെങ്കിൽ ഞാനൊരു ഫുട്‌ബോൾ താരമായേനെ : റാഫേൽ നദാൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

തന്റെ അനുഭവങ്ങൾ പങ്ക് വച്ച് മനസ്സ് തുറന്നു റാഫേൽ നദാൽ. ഒരു രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് നദാൽ മനസ്സ് തുറന്നത്. തന്റെ ജീവിതത്തിലും ടെന്നീസ് കരിയറിലും തന്റെ ആദ്യ ഗുരുവും അമ്മാവനുമായ ടോണി നദാൽ തന്നെ എത്രത്തോളം സ്വാധീനിച്ചു എന്ന് വ്യക്തമാക്കി നദാൽ. അമ്മാവൻ ഉള്ളത് കൊണ്ടാണ് താൻ ടെന്നീസ് താരമായത് എന്ന് പറഞ്ഞ നദാൽ ഇല്ലെങ്കിൽ താൻ ഫുട്‌ബോൾ കളിച്ചേനെ എന്നും കൂട്ടിച്ചേർത്തു. സ്വാഭാവികമായും വലത് കയ്യനായ നദാലിനെ ഇടത് കൈ കൊണ്ട് ടെന്നീസ് കളിക്കാൻ നിർബന്ധിച്ചത് ടോണി നദാൽ ആയിരുന്നു. നീണ്ട ഒരുപാട് വർഷം നദാലിന്റെ കോച്ചും അദ്ദേഹം തന്നെയായിരുന്നു.

ടോണിക്ക് ശേഷം തന്റെ പരിശീലകനായ മുൻ ലോക ഒന്നാം നമ്പർ താരം കാർലോസ് മോയയും തന്റെ കരിയറിൽ മികച്ച മാറ്റങ്ങൾ ആണ് വരുത്തിയത് എന്നും നദാൽ പറഞ്ഞു. താനെന്നും ഈ ജീവിതത്തോട് കടപ്പെട്ടിരിക്കുന്നു എന്നു വ്യക്തമാക്കിയ നദാൽ വലിയ സമ്മർദ്ദത്തെ അതിജീവിച്ചാണ് താനെന്നും ജയിച്ച് കയറിയത് എന്നും പറഞ്ഞു. തന്റെ വിട്ട് വീഴ്ച ഇല്ലാത്ത പോരാട്ടവീര്യമാണ് തന്നെ ഇവിടെ വരെ എത്തിച്ചത് എന്നു കൂട്ടിച്ചേർത്ത നദാൽ പോരാട്ടങ്ങൾ ഇല്ലാത്ത മത്സരങ്ങൾ ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് തനിക്ക് ചിന്തിക്കാൻ കൂടി ആവില്ലെന്നും വ്യക്തമാക്കി.